കുഞ്ഞു താരകങ്ങളുടെ ക്രിസ്മസ് ഗീതങ്ങൾ

മഞ്ഞു പെയ്യുന്ന ക്രിസ്മസ് രാത്രിയിൽ താരകങ്ങൾക്കിടയിൽ‌ കുഞ്ഞുമാലാഖമാരെ തിരിയാറില്ലേ നമ്മളിപ്പോഴും. പാട്ടും പാടി സമ്മാനങ്ങളുമായി മുല്ലമൊട്ടു പോലുള്ള പല്ലുകാട്ടി ചിരിച്ച് തൂവെള്ള ഫ്രോക്കുമിട്ട് അവർ പറന്നെത്തുന്നുവെന്ന ചിന്ത ഇപ്പോഴും മനസിലെ മായക്കാഴ്ചകളിൽ ജീവിക്കുന്നില്ലേ. ക്രിസ്മസ് എന്നു കേൾക്കുമ്പോൾ മനസിലേക്ക് ആദ്യമോടിയെത്തുന്ന ചിത്രവും അതുതന്നെയല്ലേ. അകലങ്ങളിലെ മാലാഖമാരുടെ ശബ്ദം കൊതിക്കുന്ന കാതുകള്‍ ഭൂമിയിലെ മാലാഖമാർ പാടിയ പാട്ടും കേൾക്കണ്ടേ. ക്രിസ്മസ് ദിനത്തിൽ മാലാഖമാരെ പോലുള്ള മൂന്നു കുട്ടികൾ പാടിയ പാട്ട് കേൾക്കാം. സ്നേഹത്തിന്റെ പുൽക്കൂട് തീർക്കുമ്പോൾ കൊച്ചരിപ്പല്ലുകാട്ടി കൊഞ്ചി കൊഞ്ചി ഭൂമിയിലെ മാലാഖമാർ പാടിയ പാട്ടു കേൾക്കാം.

മേലേ മാനത്തെ ഈശോയെ

ശ്രേയക്കുട്ടി പാടിയ മനോഹരമായ പാട്ടാണ്. കുഞ്ഞു ശബ്ദത്തിനുള്ളിലെ സംഗീത സൗന്ദര്യത്തിൽ പിറന്ന പാട്ട്. അകലങ്ങളിലെ ദൈവത്തിനോട് ഭൂമിയിൽ നിന്നൊരു കുഞ്ഞുതാരകം പാടിയ പാട്ട് ഇതിനോടകം യുട്യൂബിൽ ലക്ഷങ്ങളാണ് കണ്ടുകഴിഞ്ഞത്. ഈ ക്രിസ്മസ് നാളുകളിൽ മലയാളത്തിന് എം ജയചന്ദ്രനെന്ന മെലഡികളുടെ സംഗീതജ്ഞൻ സമ്മാനിച്ച പാട്ടാണിത്. ഗോഡ് എന്ന ആൽബത്തിൽ ഫാദർ മൈക്കേല്‍ പനക്കലിന്റെ വരികളാണിത്. അച്ചൻമാരെഴുതി മലയാളം കേട്ടാസ്വദിച്ച ജീവൻ തുടിക്കുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളിലേക്ക് ശ്രേയക്കുട്ടി ഈശോയെ വിളിച്ചു പാടിയ ഈ പാട്ടുകൂടി.

ദൂരെ ദൂരെ...

അന്നക്കുട്ടി പാടുകയാണ് ദൂരെ ദൂരെ...ആകാശത്ത് സ്വര്‍ഗം കാക്കും സ്നേഹമിരിപ്പുണ്ട്. ആ സ്നേഹത്തിന്റെ മനസുതൊടുന്ന ശബ്ദമാണ് ഈ നാലുവയസുകാരിയുടേത്. പ്രശസ്ത കീ ബോർഡ് വാദകൻ കണ്ണൻ ഏറ്റവുമൊടുവിൽ തന്റെ വിരലുകളിലൂടെ സംഗീതം വിരിയിച്ച പാട്ടുകൂടിയാണിത്. മനോജ് ഇലവുങ്കലിന്റെ വരികള്‍ക്ക് നെൽസൺ പീറ്റർ സംഗീതം നൽകിയ പാട്ടാണിത്. ഈശോ എന്ന ആൽബത്തിലെ പാട്ട്. അന്നക്കുട്ടിയുടെ കുഞ്ഞു നാവിന് ചെന്നെത്താവുന്നതിലും ദൈർഘ്യമുള്ള വരികൾ. പാട്ടിന്റെ മേക്കിങ് വീഡിയോയിൽ കൈകൾ ഉലച്ച് താളത്തിനൊപ്പം ശ്രദ്ധിച്ച് പാടുന്ന അന്നക്കുട്ടി കാണുമ്പോൾ ആ കുഞ്ഞു കണ്ണുകൾക്കുള്ളിൽ...ഒരായിരം ക്രിസ്മസ് രാവുകളുടെ നന്മവെളിച്ചം തെളിഞ്ഞുവരുന്നുവോ....

കുഞ്ഞു തെന്നൽ

കുഞ്ഞു തെന്നലിന്റെ സുഖം തരുന്ന ഈ പാട്ട് പാടിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയസംഗീതജ്ഞന്റെ മകളാണ്. ദയാ ബിജിബാൽ. ഷാജി ഇല്ലത്തിന്റെ വരികൾക്ക് അഫ്സൽ യൂസഫ് ഈണമിട്ട് ബിജിബാലിന്റെ കുഞ്ഞുമകൾ പാടിയ പാട്ട്. പ്രസരിപ്പുള്ള സംഗീതത്തിന് നിഷ്കളങ്കമായ ശബ്ദം കൂടിയായപ്പോൾ കരോളിനൊപ്പം കുട്ടിക്കൂട്ടങ്ങൾക്ക് പാടിനടക്കാനൊരു ഗീതം കൂടി. സ്നേഹവർഷം എന്ന ആൽബത്തിലെ പാട്ടാണിത്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ കുഞ്ഞു ശബ്ദത്തിലുള്ള പാട്ടാണിത്.