ജയിംസ് ഹോണർ വിമാനാപകടത്തിൽ മരിച്ചു

ഓസ്കാർ ജേതാവും ടൈറ്റാനിക് ചിത്രത്തിന്റെ സംഗീത സംവിധായകനുമായ ജയിംസ് ഹോണർ വിമാനാപകടത്തിൽ മരണമടഞ്ഞു. മികച്ച പൈലറ്റ് കൂടിയായിരുന്ന ഹോണർ സ്വന്തമായി പറത്തിയ വിമാനം കാലിഫോർണിയയിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. രണ്ട് ഓസ്കാറുകൾ നേടിയിട്ടുള്ള അദ്ദേഹം നൂറുകണക്കിന് ഹോളിവുഡ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിരവധി വിമാനങ്ങൾ സ്വന്തമായി ഉണ്ടായിരുന്ന ഹോണർ, അതിൽ സിംഗിൾ എഞ്ചിൻ എസ് 312 വിമാനം സ്വയം പറത്തുകയായിരുന്നു.

രണ്ട് ഗോൾഡൻ ഗ്ലോബൽ അവാർഡ് നേടിയിട്ടുള്ള അദ്ദേഹം പത്ത് തവണ അക്കാദമി അവാർഡ് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ടൈറ്റാനികിന് രണ്ട് ഓസ്കാർ അവാർഡുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

വിഖ്യാത സംവിധായകൻ ജയിംസ് കാമറൂണിന്റെ പ്രിയ സംഗീതജ്ഞനായിരുന്നു ജയിംസ്. മെൽ ഗിബ്സൺ, വാൾട്ടർ ഹിൽസ് എന്നിങ്ങനെ നിരവധി പ്രശസ്ത സംവിധായകരുടെ സിനിമകളിൽ സംഗീതം ചെയ്യാനുള്ള അവസരം ലഭിച്ച അദ്ദേഹത്തെ ലോക പുരസ്കാരങ്ങൾ തേടിയെത്തിയത് നിരവധി തവണയാണ്.