ചിമ്പുവിന് പണികൊടുത്ത ബീപ് സോങ്

കോളിവുഡിൽ ഇപ്പോൾ ഒരു ‘കൊലവെറി’ തന്നെയാണ് നടക്കുന്നത്. അതും അനിരുദ്ധിന്റെയും ചിമ്പുവിന്റെയും പേരിൽ. അനിരുദ്ധ് ഈണമിട്ട് ചിലമ്പരശന്‍ പാടിയ ‘ദാ ബീപ് സോങ് ' എന്ന പാട്ടാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്.

സിനിമയ്ക്കോ ആൽബത്തിനോ വേണ്ടി ചെയ്യാതെ സ്വകാര്യമായി ചിമ്പു സൂക്ഷിച്ചിരുന്ന പാട്ട് എങ്ങനെയോ ഓൺലൈനിലൂടെ പുറത്തായതോടെ സംഗതി വൈറലായി. പെണ്ണിനെ പ്രണയിച്ചു പണികിട്ടി എന്നതാണ് പാട്ടിന്‍റെ ഉളളടക്കം. തമിഴിലെ അശ്ലീലപദങ്ങളെല്ലാം ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അശ്ലീലം വരുന്പോൾ ബീപ് സൗണ്ട് ഉപയോഗിക്കുന്നു.

ഗാനത്തിലെ മിക്കവാറും വരികളെല്ലാം അസഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ജനാധ്യപത്യ മഹിളാ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. എന്നാല്‍ ഇതിന് ഉത്തരവാദി താനല്ലെന്നാണ് ചിലമ്പരശന്‍റെ വാദം. യുവ സംഗീത സംവിധായകരില്‍ പ്രമുഖനായ അനിരുദ്ധാണ് സംഗീതം. ഗാനം അശ്ലീല പദപ്രയോഗങ്ങളാല്‍ നിറഞ്ഞു നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ജനാധിപത്യ മഹിളാ അസോസിയേഷനാണ് കോയമ്പത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഇരുവർക്കും പൊലീസ് സമൻസും അയച്ചു.

സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ ഇതിനുത്തരവാധി താനല്ലെന്നാണ് ചിലന്പരശന്‍റെ വാദം. സുഹൃത്തുക്കളുമായി ചേര്‍ന്നുണ്ടാക്കിയതാണ് ഈ പാട്ട്. സിനിമക്കോ ആല്‍ബത്തിനോ വേണ്ടി സൃഷ്ടിച്ചതല്ല. ഇത് സ്വകാര്യമായി സൂക്ഷിച്ചിരുന്നതുമാണ്. എന്നാല്‍ ആരോ ഇത് പുറത്ത് വിടുകയായിരുന്നു. അതിനാല്‍ താനെങ്ങനെ ഇതിന് ഉത്തരവാധിയാകുമെന്നാണ് ചിമ്പുവിന്‍റെ ചോദ്യം.

എന്നാൽ ഇക്കാര്യത്തിൽ അനിരുദ്ധ് തന്റെ ഭാഗം വ്യക്തമാക്കി കഴിഞ്ഞു. ബീപ് സോങുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആ പാട്ട് പാടിയതോ സംഗീതം നൽകിയതോ താനല്ലെന്നും അനിരുദ്ധ് പറയുന്നു. സ്ത്രീകളോട് വളരെയധികം ബഹുമാനം പുലർത്തുന്ന വ്യക്തിയാണ് താനെന്നും എന്റെ പേര് ഇതിൽ വലിച്ചിഴക്കരുതെന്നും അനിരുദ്ധ് പറയുന്നു. ചെന്നൈ വെള്ളപ്പൊക്കദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കാനഡയിൽ ഒരു മ്യൂസിക് ഷോയിൽ പങ്കെടുക്കാൻ പോയതാണ് അനിരുദ്ധ്.

ഈ കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്തേക്കുമെന്നും വരെ കോളിവുഡിൽ നിന്നും റിപ്പോർട്ടുണ്ട്. എന്തായാലും അനിരുദ്ധിന്റെ പ്രസ്താവനയിൽ ഇനി ചിമ്പുവിന്‍റെ മറുപടിയാണ് ഏവരും ഉറ്റുനോക്കുന്നത്.