ചിമ്പുവിനെതിരെ സൈബർ കേസും

അനിരുദ്ധ് രവിചന്ദറും ചിമ്പുവും

ബീപ് സോങ് വിവാദത്തിൽ തമിഴ്നടൻ ചിലമ്പരശനെന്നെ ചിമ്പുവിനെതിരെ സൈബർസെല്ലും കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പദങ്ങളുടെ സ്ഥാനത്ത് ബീപ് ശബ്ദം ഉപയോഗിച്ച് പാട്ട് ചെയ്ത സംഭവത്തിൽ ചിമ്പുവിനെതിരെ ഇതോടെ നിയമക്കുരുക്ക് മുറുകുകയാണ് . നേരത്തെ കോയമ്പത്തൂർ പൊലീസും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ചിമ്പുവിനെതിരെ കേസെടുക്കുകയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു.

സൈബർ കേസിൻമേലുള്ള അന്വേഷണം നാളെ തുടങ്ങും. ഇരുവർക്കും ഹാജരാകാൻ നോട്ടിസുമയയ്ക്കും. കോയമ്പത്തൂർ പൊലീസ് ഹാജരാകാൻ പറഞ്ഞിരുന്ന സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ചിമ്പു ഒരു മാസത്തെ സമയമാണ് ഹാജരാകുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ചിമ്പുവിനെതിരെ മാത്രമല്ല, പാട്ടിന് സംഗീതം നൽകിയ അനിരുദ്ധ് രവിചന്ദറിനെതിരെയും കേസുണ്ട്.

വിവാദങ്ങളുടെ തോഴനാണ് ചിമ്പു. ബീപ് സോങിന് ഈണമിട്ട അനിരുദ്ധ് രവിചന്ദർ തമിഴ് യുവനിരയിലെ ഏറ്റവും ശ്രദ്ധേയനായ സംഗീത സംവിധായകനാണ്. അനിരുദ്ധ് ഈണമിട്ട് ധനുഷ് പാടിയ കൊലവെറിയെന്ന പാട്ട് യുട്യൂബിൽ പത്ത് കോടിയിലധികം പ്രേക്ഷകർ കണ്ടുവെന്ന നല്ല വാർത്തയെത്തിയതിനു പിന്നാലെയാണ് ഈ വിവാദം അദ്ദേഹത്തെ പിടികൂടിയത്. എന്നാൽ ബീപ് സോങിൽ തനിക്കുത്തരവാദിത്തമില്ലെന്ന നിലപാടിലാണ് അനിരുദ്ധ്. ച‌ിമ്പു ചെയ്ത പാട്ട് ആരോ വൈകൃതമാക്കി യു ട്യൂബിൽ അപ്‌ലോഡ് ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ പിതാവും നടനുമായ റ്റി രാജേന്ദറിന്റെ വാദം. വാദപ്രതിവാദങ്ങൾക്കിടയിൽ ചിമ്പുവിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടത് ആകെ പതിനൊന്നു കേസുകളാണ്. തമിഴ്നാട്ടിലെ സ്ത്രീ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ചിമ്പുവിനും അനിരുദ്ധിനുമെതിരെ കേസെടുത്തത്.