ഫത്‌വ: വിശദീകരണവുമായി റഹ്മാൻ

'മുഹമ്മദ്, ദ മെസഞ്ചർ ഓഫ് ഗോഡ്' എന്ന സിനിമയ്ക്കു വേണ്ടി സംഗീതസംവിധാനം ചെയ്യുവാൻ തയ്യാറായത് ശുദ്ധ വിശ്വാസത്തോടെ തന്നെയെന്നു എ ആർ റഹ്മാൻ. ഇസ്ലാം മതവിശ്വാസത്തെ ആദരിക്കുന്നുവെന്നും അപകീർത്തിപ്പെടുത്താനുള്ള യാതൊരുദ്ദേശവും തനിക്കില്ലായിരുന്നെന്നും റഹ്മാൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസ അക്കാദമി എന്ന സുന്നി മുസ്ലീം സംഘടന റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. മുഹമ്മദ്, ദ മെസഞ്ചർ ഓഫ് ഗോഡ് എന്ന സിനിമയുമായി പ്രവർത്തിച്ചതിനായിരുന്നു ഫത്‌വ പുറപ്പെടുവിച്ചത്. മുഹമ്മദ് നബിയെയും ഇസ്ലാമിനെയും അപകീർത്തിപ്പെടുത്തുന്ന സിനിമയാണിതെന്ന് സംഘടന ആരോപിക്കുന്നു. ഈ ചിത്രത്തിന്റെ സംഗീത സംവിധായകനാണു റഹ്മാൻ. റഹ്മാനു പുറമെ ചിത്രത്തിന്റെ സംവിധായകനായ ഇറാൻകാരൻ മജീദ് മജീദിയ്ക്കെതിരെയും ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്.

ഖുറാനിലെ സൂക്തം ഉദ്ദരിച്ചു കൊണ്ടാണ് റഹ്മാന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. "ഈ സിനിമയു‌ടെ സംഗീതസംവിധാനം മാത്രമാണു ഞാൻ നിർവഹിച്ചിരിക്കുന്നത്. ഇതിൽ നിന്നും എനിക്കു ലഭിച്ച ആത്മീയ ആനന്ദം തികച്ചും വ്യക്തിപരമാണ്. അതു മറ്റുള്ളവരുമായി പങ്കുവയക്കുവാൻ ‍ഞാൻ ആഗ്രഹിക്കുന്നില്ല." റഹ്മാന്‍ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. ലോകമെമ്പാടും കഷ്ടതയനുഭവിക്കുന്നവർക്കു വേണ്ടിയും വസിക്കുന്ന രാജ്യത്തിനു വേണ്ടിയും അള്ളാഹുവിന്റെ ദയയ്ക്കായും പ്രാർഥിക്കാം എന്നു പറഞ്ഞു കൊണ്ടാണ് റഹ്മാൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

മുഹമ്മദ്, ദ മെസഞ്ചർ ഓഫ് ഗോഡ് എന്ന സിനിമ മുഹമ്മദ് പ്രവാചകന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. നബിയുടെ ചെറുപ്പകാലമാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. ആറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇറാനില്‍ റിലീസു ചെയ്തു. ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും പണംമുടക്കുള്ള ഇറാനിയൻ ചിത്രമാണ് മുഹമ്മദ്.