തീയറ്ററുകളിൽ കേൾപ്പിക്കാൻ ഈ ദേശീയ ഗാന വിഡിയോകൾ

തീയറ്ററുകളിൽ ഓരോ പ്രദർശനത്തിനു മുൻപും ദേശീയ ഗാനം കേൾപ്പിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് എല്ലായിടത്തും സജീവ ചർച്ചയിലാണ്. ഉത്തരവിനെ അനുകൂലിച്ചും കളിയാക്കിയും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതെന്തായാലും ഉത്തരവ് നടപ്പിലാക്കപ്പെടുകയാണെങ്കിൽ തീയറ്റുകളിൽ കേൾപ്പിക്കാനിടയുള്ള ദേശീയ ഗാന വിഡിയോകൾ ഏതൊക്കെയായിരിക്കും എന്ന് അറിയാം. ദേശീയ ഗാനമായ ജന ഗണ മനയുടെ വിവിധ വേര്‍ഷനുകൾ ഏ ആർ റഹ്മാൻ അടക്കമുള്ളളവർ ഇക്കാലയളവിനുള്ളിൽ പുറത്തിറക്കിയിട്ടുണ്ട്. അവ ഒന്നുകൂടി കേൾക്കാം....

തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഈ ഉത്തരവൊക്കെ വരുന്നതിനു മുൻപേ തന്നെ ദേശീയ ഗാനത്തോടെ പ്രദർശനം ആരംഭിക്കുന്ന പതിവുണ്ടായിരുന്നു. ആ തീയറ്ററിൽ പോയിത്തുടങ്ങിയ നാളുകളിൽ ഒരുപാടു വട്ടം കണ്ടിട്ടുള്ളത് ഈ വിഡിയോയാണ്. ദി സൈലന്റ് ഇന്ത്യൻ നാഷണൽ ആന്തം എന്നു പേരിട്ട വിഡിയോ അന്നും ഇന്നും പ്രചോദനാത്മകമാണ്. കാണുമ്പോൾ കണ്ണുനിറ‌ഞ്ഞു പോകും. ദേശസ്നേഹം വാക്കുകൾക്ക് അതീതമാണെന്നു പറയുന്ന ആവിഷ്കാരം. അന്നോളം കണ്ടിട്ടുള്ള ജന ഗണ മന വിഡിയോകളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അത്. റിലയൻസ് ബിഗ് സിനിമാസ് 2011ലാണ് ഈ വിഡിയോ പുറത്തിറക്കിയത്. ശബ്ദങ്ങളില്ലാത്ത ലോകത്ത് ജീവിക്കുന്നവർ എങ്ങനെയാണ് രവീന്ദ്ര നാഥ ടാഗോർ കുറിച്ച ദേശീയഗാനത്തിന്റെ വരികളാൽ സംവദിക്കുന്നത് എന്നു കാണിക്കുകയായിരുന്നു അത്. 

ഇന്ത്യ സ്വതന്ത്രമായിട്ട് അൻപത് വർഷങ്ങൾ പിന്നിട്ട വേളയിലാണ് ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ ചക്രവർത്തിമാരിലൊരാളായ ഏ ആർ റഹ്മാൻ ഈണമിട്ട ദേശീയ ഗാന വിഡിയോ പുറത്തിറങ്ങുന്നത്. ഇന്ത്യൻ പാർലമെന്റിൽ വച്ച്  പ്രസിഡന്റ് ആയിരുന്നു ചരിത്രം കുറിച്ചു കൊണ്ട് വിഡിയോ റിലീസ് ചെയ്തത്. കേന്ദ്ര സാംസ്കാരിക വകുപ്പായിരുന്നു വിഡിയോ പുറത്തുവിട്ടത്. ഭരത് ബാലയും കനികയും ചേർന്നായിരുന്നു വിഡിയോയുടെ സംവിധാനം. ഇന്ത്യ കണ്ടിട്ടുള്ള സംഗീത പ്രതിഭകളിൽ നിന്നു 35 പേരായിരുന്നു ആ വിഡിയോയ്ക്കു സ്വരമായത്. അതിൽ ഗായകരും വാദ്യോപകരണ വിദഗ്ധരുമുണ്ടായിരുന്നു. 

ഇന്ത്യൻ സിനിമയിലേയും ടെലിവിഷനിലേയും ശ്രദ്ധേയമായ പെൺമുഖങ്ങളിലൂടെ ദേശീയ ഗാനം പാടിയ വിഡിയോ കഴിഞ്ഞ രണ്ടു വർഷം മുൻപാണ് എത്തിയത്. ഇന്ത്യൻ സിനിമയിലും ടെലിവിഷനിലുമുള്ള സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂഐഎഫ്ടി ആണ് ഈ വിഡിയോ പുറത്തിറക്കിയത്. 

മറ്റൊന്ന് ഔദ്യോഗിക ഇന്ത്യൻ ദേശീയ ഗാനമാണ്. റിപബ്ലിക് ദിനം അടക്കമുള്ള ഔദ്യോഗിക ദിനങ്ങളിൽ കേൾ‌ക്കുക ഈ വേർഷൻ ആണ്. വാദ്യോപകരണങ്ങൾ മാത്രം ഉപയോഗിച്ചുള്ള ഈ വേർഷൻ മറ്റെല്ലാത്തിൽ നിന്നും പ്രൗഢമാണ്. ലതാ മങ്കേഷ്കറും ഏ ആർ റഹ്മാനും ശ്രേയാ ഘോഷാലും അടക്കം ഇന്ത്യൻ സംഗീത രംഗത്തെ പ്രമുഖർ പാടിയ സിംഗിൾ വിഡിയോകളും ശ്രദ്ധേയമാണ്.