Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചിട്ടും പിന്തുടർന്നു വിവാദങ്ങൾ

emma-jackson

പാട്ടുകളിലൂടെ കാലഘട്ടങ്ങളെ അതിശയിപ്പിച്ച ഗായകന്‍ മൈക്കിൾ ജാക്സൻ കടന്നു പോയിട്ട് ഏഴ് ആണ്ടുകൾ പിന്നിട്ടു. എന്നിട്ടും ജാക്സൻ ഇന്നും ചർച്ചയിൽ നിറഞ്ഞു നിൽക്കുന്നു. മരിച്ചിട്ടും തീരാത്ത വെളിപ്പെടുത്തലുകളിലൂടെ ആ ജീവിതത്തിലേക്കു ലോകം കടന്നുചെന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴുമതങ്ങനെ തന്നെ. ബ്രിട്ടനിലെ പ്രശസ്തയായ ബാലതാരത്തിനെ ജാക്സൻ പ്രണയിച്ചിരുന്നുവെന്നതാണ് ഏറ്റവുമൊടുവിലായി പുറത്തുവന്നിരിക്കുന്നത്. കുട്ടിക്കു പതിനൊന്നു വയസു മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇത്. ജാക്സന്റെ രണ്ടാമത്തെ കുട്ടി പ്രണയമായിരുന്നുവത്രേയിത്. ബ്രിട്ടീഷുകാരനായ സുഹൃത്തിന്റെ മകളെ ജാക്സൻ പ്രണയിച്ചു തുടങ്ങുന്നത് അവളുടെ അഞ്ചാം വയസിലായിരുന്നു. ഹാരിപോട്ടർ താരം എമ്മാ വാട്സണാണു താരം. ഒലിവർ സിനിമയിലൂടെ പ്രശസ്തനായ മാർക്ക് ലസ്റ്ററിന്റെ മകൾ ഹാരിയറ്റാണ് ആദ്യ പ്രണയിനി. മൈക്കിൾ ജാക്സന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഡോക്ടര്‍ എഴുതുന്ന പുസ്തകത്തിലാണു വെളിപ്പെടുത്തലുകളുള്ളത്. 

ഹാരിയറ്റിനെ വിവാഹം ചെയ്യുവാനായില്ലെങ്കില്‍ എമ്മാ വാട്സണെയായിരുന്നു ജാക്സൻ ആഗ്രഹിച്ചത്. പ്രായം കുറഞ്ഞ പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിലെ നിയമവശങ്ങളെ കുറിച്ചൊരു ചർച്ച വരെ ജാക്സൻ ചെയ്തിരുന്നു. ഹാരിയറ്റിന്റെ പിതാവിനെ സന്ദർശിച്ച് ഇക്കാര്യം അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഇക്കാര്യങ്ങളൊന്നും ആരും അറിയരുതെന്നു ജാക്സൻ സത്യം ചെയ്യിച്ചിരുന്നു. മറേ പറഞ്ഞു.

മരുന്നുകളുടെ അമിതോപയോഗമാണു അകാല മരണത്തിലേക്കു സംഗീത ചക്രവർത്തിയെ നയിച്ചത്. ലോകത്തിന്റെ ചോദ്യശരങ്ങളും വിമർശനങ്ങളും നീണ്ടു ചെന്നത് ജാക്സന്റെ ഡോക്ടറായിരുന്ന ഡോ. കൊൺറാഡ് മറേയിലേക്കായിരുന്നു. തന്റെ പുസ്തകത്തിലൂടെ ആരായിരുന്ന മൈക്കിൻ ജാക്സണെന്നു മറേ തുറന്നെഴുതുകയാണ്. ഇതുവരെ ആരും പറയാത്ത കഥകൾ മറേയ്ക്കു പറയുവാനുണ്ട്. എന്തിനു ഇപ്പോഴിതൊക്കെ പറഞ്ഞു ജാക്സനെ ചർച്ചകളിലെത്തിക്കുവെന്നു ചോദിച്ചാൽ, അത് ജാക്സന്റെ ആഗ്രഹമായിരുന്നുവെന്നാണു മറേ പറയുന്നത്. ഈ കഥകളെല്ലാം ലോകമറിയണമെന്നു ജാക്സൻ ആഗ്രഹിച്ചിരുന്നു. ഞാൻ ആ ആഗ്രഹം സാധിച്ചുകൊടുക്കുന്നുവെന്നാണ് മറേ പറഞ്ഞത്. 

സ്വാഭാവികമായ ശാരീരിക വളർച്ചയിലെത്താതെ ശരീരത്തെ തടയുന്നതിനായി ജാക്സനു ഹോർമോൺ കുത്തിവയ്പ്പുകൾ നൽകിയിരുന്നു. പിന്നീട് അദ്ദേഹത്തിനുണ്ടായ സ്വഭാവ വൈകല്യം ഒരുപക്ഷേ ഇതിന്റെ ഭാഗമായിരിക്കാം. കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ ജാക്സനെ ഏറെ തകർത്തിരുന്നു. ആ കാലയളവിൽ ജാക്സന്‍ എല്ലാത്തിൽ നിന്നും ഒറ്റപ്പെട്ടാണു കഴിഞ്ഞിരുന്നത്. ഏകാന്ത ജീവിതത്തിനിടയിലെ രാത്രകളിലായിരുന്നു ഈ നിഗൂഢമായ വെളിപ്പെടുത്തലുകൾ നടത്തിയത്. ഹോർമോൺ കുത്തിവയ്പ്പുകളെ കുറിച്ചു തന്നോടു തുറന്നുപറഞ്ഞതില്‍ ജാക്സനു നിരാശയുണ്ടായിരുന്നു.

ജാക്സൻ എന്നും കാലിൽ സോക്സ് ധരിക്കുമായിരുന്നു. സ്ഥിരമായി കാലിൽ ഗുരുതരമായ അണുബാധയുണ്ടായതാണു കാര്യം. അതിൽ ജാക്സൻ എന്നും ദുംഖിതനായിരുന്നു. അതു മാത്രമല്ല ഗായകന്റെ അടുത്ത ബന്ധുക്കളിലൊരാൾ അദ്ദേഹത്തോടു വിശ്വാസ വഞ്ചന കാണിച്ചു. ജാക്സൻ അയാളെ ഏറെ ഭയപ്പെടുകയും വെറുക്കുകയും ചെയ്തിരുന്നു.   തനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ കുടുംബത്തെ അയാളിൽ നിന്നു രക്ഷിക്കണമെന്നു ജാക്സനെപ്പോഴും പറയുമായിരുന്നു. ജാക്സൻ കുട്ടികളോടു കാണിച്ചത് ക്രൂരതയായിരുന്നുവോ അല്ലയോ എന്നു പുസ്തകം വായിച്ച ശേഷം തീരുമാനിക്കണമെന്നാണു മറേയുടെ നിലപാട്. എന്തായാലും ലോകത്താകമാനുമുള്ള ജാക്സൻ ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണു പുസ്തകത്തിലുള്ളത്. സൺഡേ മിറർ ദിനപത്രത്തിൽ പരമ്പരകളായാണു പുസ്തകമെത്തുന്നത്.

തന്റെ കുടുംബത്തിൽ നാലു പേരാണുള്ളത്. മക്കളായ പാരിസ് പ്രിൻസും ബ്ലാങ്കറ്റും പിന്നെ താനും എന്നെപ്പോഴും ജാക്സൻ പറയുമായിരുന്നു. ജാക്സനു വേണ്ടിയാണു പുസ്തകമെഴുതുന്നതും. അദ്ദേഹത്തിന്റെ എപ്പോഴത്തേയും ആവശ്യമായിരുന്നു അത്. പണം മോഹിച്ചാണു ചെയ്യുന്നതെന്നു ഒരിക്കലും ആരും കരുതരുതെന്നും മറേ പറയുന്നു. 

മൂന്നു വർഷത്തോളം ജാക്സന്റെ സ്വകാര്യ ഡോക്ടറായി പ്രവർത്തിച്ചയാളാണു മറേ. ജാക്സന്റെ മരണത്തിൽ‌ ഏറ്റവുമധികം പഴി കേട്ട മറേ മനപൂർ‌വ്വമല്ലാത്ത നരഹത്യയ്ക്കു രണ്ടര വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. ജാക്സന്റെ ജീവിതത്തിലെ അവസാന മൂന്നു വർഷത്തിന്റെ നേർസാക്ഷ്യത്തെയാണു താനെഴുതിയിടുന്നതെന്നാണു മറേയുടെ അവകാശ വാദം. ജാക്സന്റെ ജീവിതത്തെ അറിയാത്തവരേയും മനസിലാക്കാത്തവരേയും ഉന്നംവച്ചാണു പുസ്തകമെഴുതുന്നതെന്നും മറേ പറഞ്ഞു.

Your Rating: