ഇവരിങ്ങനെയാണ് ഒന്നായത്...

ദുൽഖർ സൽമാനും സായി പല്ലവിയും

ചെറിയ ചെറിയ പിണക്കങ്ങൾ...വഴക്കുകൾ... അതിനിടയിൽ അറിയാതറിയാതെ നുരഞ്ഞുപൊന്തുന്ന പ്രണയത്തിന്റെ മുന്തിരി വീഞ്ഞുകൾ... സിദ്ധാർഥിന്റെ ചൂടൻ സ്വഭാവത്തിനിടയിലും അവനും അഞ്ജലിയും തമ്മിലുള്ള പ്രണയമിങ്ങനെയാണ് കെടാതെ വീണ്ടും പൂത്തുലഞ്ഞ് മുന്നോട്ടു പോയത്. അഞ്ജലിയും സിദ്ധാർഥും തമ്മിലുള്ള പ്രണയത്തിന്റെ രസപ്പക‌ിട്ടുകളെയറിയിച്ച് കലിയിലെ ‘ചില്ലുറാന്തൽ വിളക്കേ’യെന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി.

കലിയിൽ നിന്നൊരു രംഗം

ചില്ലു റാന്തൽ വിളക്കേ...

ചിരി നീ പൊഴിക്കേ...

ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു തുറന്ന്...

ചന്തം പൊഴിക്കേ...

അവൾ അവനൊരു ചില്ലുറാന്തൽ വിളക്കു തന്നെയായിരുന്നു. കലി മൂക്കിന്റെ തുമ്പത്ത് ചാന്തുപൊട്ട് തീർക്കുമ്പോഴും തൊട്ടടുത്ത നിമിഷം എല്ലാം മറന്ന് പ്രതികരിക്കുമ്പോഴും അവളുടെ ചിരിക്കു മുന്നിൽ, കണ്ണുനീരിനു മുന്നിൽ ദേഷ്യംവിട്ടുമാറാതെയാണെങ്കിലും പുഞ്ചിരിക്കുന്നത്, നിസഹായനായി നിന്നു പോകുന്നത് അതുകൊണ്ടാണ്.

ജോബ് കുര്യൻ

കണ്ണുചിമ്മും വസന്തകാലമേ... എന്നു പാടുമ്പോൾ അതെത്രത്തോളം അർഥവത്താകുന്നുവെന്ന് പറഞ്ഞു തരുന്നു പാട്ടിന്റെ ദൃശ്യങ്ങൾ. ചിത്രത്തിലെ കഥാപാത്രത്തോട് അത്രയേറെ അടുത്തു നിൽക്കുന്ന വരികളാണ് ഹരിനാരായണൻ കുറിച്ചത്. അതുപോലെ മനോഹാരിതയോടെ ജോബ് കുര്യൻ പാടി. കണ്ണിണയിൽ വെള്ളാരം കല്ലിന്റെ ചേലുപകര്‍ന്ന് മുന്നിൽ നിന്ന് നൃത്തമാടുന്ന മഴത്തുള്ളിയുടെ താളം പോലുള്ള ഈണവും. പിന്നെ സായിയും ദുൽഖറും ചേരുന്ന ജോഡിയുടെ ഭംഗിയുള്ള അഭിനയ മുഹൂർത്തങ്ങളുമുള്ള പാട്ട് എല്ലാ തലത്തിലും സുന്ദരം. സമീർ താഹിറാണ് കലി സംവിധാനം ചെയ്തത്.