വോട്ടുപാട്ടുകൾ!

മുകേഷും ജഗദീഷും പ്രചാരണത്തിനിടെ

ഇലക്ഷൻ ചൂട് അതിന്റെ മൂർധന്യത്തിലാണ്. ഫ്ലക്സുകളും പ്രചാരണ യോഗങ്ങളും നിറഞ്ഞ വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ കണ്ണുകൾ മാത്രമല്ല കാതുകളും ആവേശത്തിലാഴുകയാണ്. അത്രയ്ക്ക് തകർപ്പൻ പാട്ടുകളാണ് എങ്ങും. ഇലക്ഷൻ പ്രചരണം ആവേശത്തിലാഴ്ത്തുന്നത് പാട്ടുകൾ കൂടിയാണ്. സിനിമാ പാട്ടുകൾ രാഷ്ട്രീയ പക്ഷം പിടിച്ചെത്തുന്നതിലെ കൗതുകം കാലം ചെല്ലുന്തോറും ഏറിവരികയാണ്. ഇലക്ഷൻ ആവേശം കൂട്ടുന്നതിൽ ഈ പ്രചാരണ ഗാനങ്ങളെ കഴിഞ്ഞേ മറ്റെന്തുമുള്ളൂ.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെങ്ങും സിനിമാ പാട്ടുകൾ ഇലക്ഷൻ കാലത്ത് രാഷ്ട്രീയം പാടിയെത്താറുണ്ട്. അതൊരു തരംഗമാണ്. എങ്കിലും കേരളത്തിൽ എന്നാണ് പാട്ടുകൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയത്?  ഇന്ത്യയിൽ മൊത്തമുള്ള ഒരു ട്രെന്ഡ് കേരളത്തിലും ഉണ്ട് എന്ന സാമാന്യ അറിവിനപ്പുറം  ഇലക്ഷൻ പാട്ടുകളുടെ പ്രാദേശിക ചരിത്രമൊന്നും ആരും പഠിച്ചതായി കേട്ടിട്ടില്ല. എന്തായാലും 1966ൽ സ്ഥാനാർഥി സാറാമ്മ ഇറങ്ങുന്നതിനും മുൻപേ ഇലക്ഷൻ പാട്ടുകൾ ഇവിടെ ഉണ്ടായിരുന്നു എന്ന് ആ സിനിമയിലെ പാട്ടുകൾ ഓർമിപ്പിക്കുന്നു. അടൂർ ഭാസി ആ സിനിമയിൽ പാടുന്ന നമ്മുടെ ചിഹ്നം കുരുവിപ്പെട്ടി എന്ന പാട്ടൊർക്കുക. അര നൂറ്റാണ്ടു കാലത്തെ പഴക്കം എന്തായാലും ഉണ്ടെന്നു ചില അനുഭവസ്ഥർ. എന്തായാലും സമഗ്രമായ ഒരു പഠനം നടത്തുന്നത് കൗതുകകരമായിരിക്കും. പ്രാദേശിക ചരിത്രത്തിലും തെരഞ്ഞെടുപ്പിലും സംഗീതത്തിലുമൊക്കെയുള്ള ഗവേഷകർക്ക് ഒട്ടേറെ സാധ്യതകൾ തുറന്നു തരുന്ന വിഷയമാണിത്.

അതതു കാലത്തെ സിനിമാ പാട്ടുകളുടെ പാരഡികളാണ് സാധാരണ പ്രചാരണ ഗാനങ്ങളായി കേൾക്കാറുള്ളത്.'.മുത്തെ പൊന്നെ'യും 'ശാരദാംബര'വും 'ഇടുക്കി മിടുക്കി' യും 'പ്രേമമെന്നാൽ എന്താണ് പെണ്ണെ' യും ഒക്കെ റോഡുകളിൽ മുഴങ്ങി കേൾക്കുന്നുണ്ട്. ഇടതു വലതു പക്ഷങ്ങൾ കൂടാതെ എൻ ഡി എ യും എസ് ഡി പി ഐ യും ഒക്കെ പ്രചാരണ ഗാനങ്ങൾ കൊണ്ട് ജനങ്ങളെ കയ്യിലെടുക്കാൻ നോക്കുന്നുണ്ട്. സോഷ്യൽ മീഡിയയും ചിലപ്പോഴൊക്കെ ഇത്തരം പാട്ടുകളെ ഏറ്റെടുക്കുന്നുണ്ട് ഇപ്പോൾ..അബ്ദുൽ ഖാദറിനെയും ഇബ്രാഹിമിനെയും പോലുള്ള പ്രശസ്ത പാരഡി സ്രഷ്ടാക്കൾ തന്നെയാണ് ഇത്തവണയും താരങ്ങൾ. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ഗായകരുടെ ശബദ്ങ്ങൾ സോളാറി നെയും അക്രമ രാഷ്ട്രീയത്തെയും കുറിച്ച് നിറഞ്ഞു പാടുന്നു...

ഈ പ്രചാരണ ഗാനങ്ങളൊക്കെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീക്കുമോ എന്ന് ചോദിച്ചാൽ പാട്ട് കേട്ട് കൂറ് മാരുന്നവരോന്നുമല്ല പ്രബുദ്ധ കേരളത്തിലെ വോട്ടർമാർ. പക്ഷെ ഈ പാട്ടൊക്കെ കേൾക്കുമ്പോ ഇലക്ഷൻ ചൂട് വല്ലാതെ കേൾക്കുന്നവരിലെക്കെത്തും. പിന്നെ നമ്മുടെ കുട്ടിക്കാലവും. തിരക്കുകളും ബഹളങ്ങളുമില്ലാത്ത മൺപാതകളിലൂടെ ഒരു പഴയ ജീപ്പ് സ്ഥാനാർഥിക്കായി ഉറക്കെ പാട്ടും വച്ച് കടന്നുപോകുന്ന ഓർമ ഓടിയെത്തും.