ഏനുണ്ടോടി അമ്പിളി ചന്തം പുതിയ രൂപത്തിൽ

സിത്താരയ്ക്ക് മികച്ച ഗായികയ്ക്കുള്ള കേരളസർക്കാറിന്റെ പുരസ്‌കാരം നേടിക്കൊടുത്ത ഗാനമാണ് സെല്ലുലോയ്ഡിലെ ഏനുണ്ടോടി അമ്പളി ചന്തം. സെല്ലുലോയിഡിലെ സൂപ്പർ ഹിറ്റ് ഗാനത്തിന് പുതിയ രൂപം നൽകിയിരിക്കുകയാണ് ഫെലിക്‌സ് ദേവസ്യ. ആനിമേഷനിൽ നിർമിച്ച വീഡിയോവിൽ കുരങ്ങൻ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതിനായി നടത്തുന്ന തയ്യാറെടുപ്പുകളും മത്സരത്തിൽ വിജയിക്കുന്നതുമാണ് സന്ദർഭം. അവിനാഷ് തോമസ് അനിമേഷൻ ചെയ്തിരിക്കുന്ന ഗാനത്തിന്റെ സംവിധായകൻ ഫെലിക്‌സ് ദേവസ്യയാണ്.

കിലുക്കാംപെട്ടി എന്ന അമിനേഷൻ സീരിസിലൂടെ ശ്രദ്ധേയനായ ഫെലിക്‌സ് ദേവസ്യ നേരത്തെ ഭ്രമരം എന്ന ചിത്രത്തിലെ അണ്ണാറക്കണ്ണാ വാ, റൺ ബേബി റണ്ണിലെ ആറ്റുമണൽ പായയിൽ തുടങ്ങിയ ഗാനങ്ങൾക്ക് അനിമേഷൻ രൂപം നൽകിയിട്ടുണ്ട്. ജെ സി ഡാനിയലിന്റെ ജീവിതത്തെ ആധാരമാക്കി കമൽ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് സെല്ലുലോയ്ഡ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സെല്ലുലോയ്ഡിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് എം ജയചന്ദ്രനാണ്.