കേസിൽ നിന്നും കന്തസാമി പാട്ടിനു പകുതി മോചനം

എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് എക്സ്ക്യൂസ് മീ മിസ്റ്റർ കന്തസാമി എന്ന പാട്ട്. കന്തസാമി എന്ന സിനിമ പുറത്തിറങ്ങിയ അന്നു മുതൽക്കേ അതിനൊപ്പം ഒരു കേസുമുണ്ട്. പാട്ടിന്റെ അഞ്ചു വരികൾ കോപ്പിയടിച്ചുവെന്നായിരുന്നു കേസ്. എന്തായാലും ഏഴു വര്‍ഷത്തിനു ശേഷം ഗാനത്തിനു കേസിൽ നിന്നു മോചനം കിട്ടിയിരിക്കുകയാണ്.  പാട്ട് കോപ്പിയടിച്ചതാണെന്നു പറയുവാനാകില്ലെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

അഭിഭാഷകനായ വി ഇളങ്കോയാണ് സിനിമയുടെ സംവിധായകൻ സുശി ഗണേശൻ, കലൈപുലി എസ് താനു, സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദ് എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തത്. 1957ലെ പകർപ്പവകാശ നിയമ പ്രകാരം ചെന്നൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ കേസ് കൊടുത്തത്. ഇതിനെതിരായാണു സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഹൈക്കോടതിയെ സമീപിച്ചത്. 

‘പാട്ടിന്റെ പല്ലവി മാത്രമാണ് ഇളങ്കോ രചിച്ചത്. ചരണം കൂടി രചിച്ചാലേ ഗാനം പൂർണമാകുകയുള്ളൂ. അതാണു പാട്ടിനെ പൂർണമാക്കുന്നത്.   ആ തലത്തിൽ നിന്നു നോക്കിയാൽ പാട്ടു കോപ്പിയടിച്ചതാണെന്നു പറയുവാനാകില്ല ’ - കോടതി വിലയിരുത്തി. അതുപോലെ മെട്രോപൊളിറ്റൻ കോടതിയിൽ ഫയൽ ചെയ്ത കേസ് കോടതി റദ്ദാക്കുകയും ചെയ്തു.

എന്തായാലും കന്തസാമി എന്ന പാട്ട് കേസിൽ നിന്നും പകുതി രക്ഷപ്പെട്ടുവെന്നേ പറയുവാനാകൂ. ഇളങ്കോ പാട്ടിന്റെ പൂർണമായ അവകാശം ചോദിച്ച് ഹൈക്കോടതിയിൽ സമര്‍പ്പിച്ച കേസിൽ വിധി വരാനിരിക്കുന്നേയുള്ളൂ.