ഫത്‌വ: സംഗീത പരിപാടിയിൽ നിന്നും റഹ്മാൻ പിൻമാറി

പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയിൽ സംഗീത സംവിധാനം ചെയ്‌തതിന്‌ ഒരു വിഭാഗം ഫത്‌വ പ്രഖ്യാപിച്ചതിനാല്‍ സംഗീത പരിപാടിയില്‍ നിന്നും എ ആര്‍ റഹ്‌മാന്‍ പിന്‍മാറി. എന്നാല്‍ റഹ്‌മാന്‌ ഫത്‌വയുള്ളതിനാല്‍ പരിപാടി വേണ്ടെന്ന് വയ്ക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. അതേ സമയം റഹ്മാൻ യൂറോപ് സന്ദർശനത്തിന്റെ തിരക്കിലാണെന്നും ഇതു മൂലമാണു പരിപാടി വേണ്ടെന്നു വയ്ക്കുന്നതെന്നും റഹ്മാന്റെ സംഗീതസംഘത്തിലെ ഒരാൾ വെളിപ്പെടുത്തി.

റഹ്മാനെതിരെയും സിനിമയുെട സംവിധായകനായ മജീദ് മജീദിക്കെതിരെയും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസ അക്കാദമി എന്ന സുന്നി മുസ്ലിം സംഘടനയാണ് ഫത്‌വ പുറപ്പെടുവിച്ചിരുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണു മെസഞ്ചർ ഓഫ് ഗോഡ് പറയുന്നതെന്നും മുസ്ലീമല്ലാത്ത നടീനടൻമാരെ വച്ചു മുഹമ്മദ് നബിയുടെ ജീവിതം ചിത്രീകരിക്കുന്നതു വലിയ അപരാധമാണെന്നും റാസ അക്കാദമി പറയുന്നു. ഇങ്ങനെ ഒരു ചിത്രം നിർമിക്കുന്നതു ഇസ്ലാമിനെ കളിയാക്കുന്നതിനു തുല്യമാണെന്നു കൂട്ടിചേർക്കുന്ന സംഘടന ഇന്ത്യയിൽ ഈ ചിത്രത്തിന് വിലക്കേർപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇറാനിലെ പ്രമുഖ സംവിധായകരിൽ ഒരാളാണ് മജീദി. ആദ്യ ഓസ്കർ നോമിനേഷൻ നേടിയ ഇറാൻ സംവിധായകനാണ് മജീദി. 1998 ൽ പുറത്തിറങ്ങിയ ചിൽഡ്രൻ ഓഫ് ഹെവൻ എന്ന ചിത്രത്തിനാണ് ഓസ്കർ നോമിനേഷൻ ലഭിച്ചത്. മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള നോമിനേഷനാണ് ഈ ചിത്രം നേടിയത്. ഫ്ലോട്ടിങ് ഗാർഡൻസ് ഇൻ ഇൻഡ്യ എന്ന തന്റെ അടുത്തചിത്രം ഇന്ത്യയിൽ ചിത്രീകരിക്കുവാൻ തയ്യാറെടുക്കുകയായിരുന്നു മജീദി.