പീര്‍ മുഹമ്മദിന് പ്രവാസ ലോകത്തിന്‍റെ ഇശല്‍ ആദരം

മാപ്പിളപ്പാട്ടു ഗായകന്‍ പീര്‍ മുഹമ്മദിന് പ്രവാസ ലോകത്തിന്‍റെ ആദരം യഹിയ തളങ്കരയും നെല്ലറ ഷംസുദ്ധീനും ചേര്‍ന്നു സമർപ്പിക്കുന്നു.

മാപ്പിളപ്പാട്ടിന് ആറര പതിറ്റാണ്ടുകാലം മികവുറ്റ സംഭാവനകള്‍ നല്‍കിയ  അനശ്വര  ഗായകൻ പീര്‍ മുഹമ്മദിന് പ്രവാസ ലോകത്തിന്‍റെ ഇശല്‍ ആദരം. ദുബായിലെ അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍  കെഎംകെ‌എ യുഎഇ ഘടകം

സംഘടിപ്പിച്ച ‘അനര്‍ഘ മുത്തുമാല’ എന്ന ചടങ്ങിൽ, പ്രമുഖ വ്യവസായിയും മാപ്പിളപ്പാട്ട് രചയിതാവുമായ യഹിയ  തളങ്കരയും വ്യവസായി നെല്ലറ ഷംസുദ്ധീനും പ്രവാസികളുടെ ആദരം പീര്‍ മുഹമ്മദിനു സമർപ്പിച്ചു. ഒയാസിസ്‌ ഷാജഹാന്‍ പീര്‍ മുഹമ്മദിനെ പൊന്നാട അണിയിച്ചു. 

ശാരീരിക അവശതകള്‍ മറന്നു വേദിയിലെത്തിയ പീര്‍ മുഹമ്മദ്‌ എഴുപതാം വയസ്സിലും തന്റെ ആലാപനമാധുര്യത്തിനു കോട്ടമില്ലെന്നു തെളിയിച്ചു. എക്കാലത്തെയും ഹിറ്റുകളായ ഇശല്‍പാട്ടുകള്‍ പാടി അദ്ദേഹം അരങ്ങില്‍ നിറഞ്ഞപ്പോള്‍ ‘അനര്‍ഘ മുത്തുമാല’  എന്ന ആദരിക്കല്‍ ചടങ്ങ് ഏറെ ശ്രദ്ധയമായി.

പീര്‍ മുഹമ്മദ്‌ പാടിയ, മാപ്പിളപ്പാട്ടിലെ ഏറ്റവും മികച്ച ആഘോഷപ്പാട്ടുകളുമായി മൂന്നു തലമുറ ഗായകർ വേദിയിലെത്തിയപ്പോള്‍ സദസ്സ് ഹര്‍ഷാരവത്തോടെ അതേറ്റുവാങ്ങി. സിബല്ല, പീര്‍ മുഹമ്മദിന്‍റെ മകന്‍ നിസാമുദ്ദീന്‍, മകള്‍ സാറ, മുക്കം സാജിദ, ആദിൽ അത്തു, മുഹമ്മദ് അലി, മുഹമ്മദ്  റാഫി, ഫാത്തിമ ഹെന്ന, ദിൽജിഷ തുടങ്ങിയവരായിരുന്നു ഗായകര്‍.

1945 ജനുവരി എട്ടിന് അസിസ് അഹ്മദ് -ബല്‍ക്കിസ് ദമ്പതികളുടെ മകനായി  തമിഴ്നാട്ടിലെ തെങ്കാശിയിലാണ് പീര്‍ മുഹമ്മദ് ജനിച്ചത്. ചെറുപ്പത്തിൽതന്നെ തലശ്ശേരിയിലേക്കു താമസം മാറിയ പീര്‍ മുഹമ്മദ്‌ സംഗീതത്തിന്റെ ബാലപാഠങ്ങളൊന്നും പഠിച്ചിട്ടില്ലെങ്കിലും ഇന്നും മാപ്പിളപ്പാട്ടു വേദികളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒട്ടുമിക്ക ഗാനങ്ങളുടെയും ശബ്ദമാകാൻ അദ്ദേഹത്തിനായി.

ചെറുപ്പത്തില്‍ത്തന്നെ പാടിത്തുടങ്ങിയ പീര്‍ മുഹമ്മദിന്‍റെ ഗാനം ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത് ഒൻപതാം വയസ്സിലാണ്. 

കാഫ് മല കണ്ട പൂങ്കാറ്റേ, ഒട്ടകങ്ങള്‍ വരിവരിവരിയായ്, നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ, അനര്‍ഘ മുത്തുമാല എടുത്തു കെട്ടി, നോമ്പിൽ മുഴുകിയെന്റെ മനസ്സും ഞാനും, ബലി പെരുന്നാളിന്റെ സന്ദേശവുമായി, അറഫാ മലയ്ക്ക് സലാം ചൊല്ലി എന്നിവയുൾപ്പെടെ അയ്യായിരത്തിലധികം ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. മാപ്പിളപ്പാട്ടിനുപുറമേ നാടക, സിനിമാ ഗാനങ്ങളും ലളിത ഗാനങ്ങളും പീർ മുഹമ്മദ് പാടിയിട്ടുണ്ട്.

‘അന്യരുടെ ഭൂമി’എന്ന സിനിമയില്‍ എ.ടി. ഉമ്മറിന്‍റെ സംഗീതത്തില്‍ ഒരു ഗാനവും, ‘തേൻതുള്ളി’ എന്ന ചിത്രത്തില്‍ കെ. രാഘവൻ മാസ്റ്ററുടെ സംഗീതത്തില്‍ ഒരു ഗാനവും പാടി. 1976 ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ (ചെന്നൈ നിലയം) മാപ്പിളപ്പാട്ട് അവതരിപ്പിച്ചതും പീര്‍ മുഹമ്മദാണ്. കണ്ണൂർ മുഴുപ്പിലങ്ങാട് ദേശീയ പാതയ്ക്കടുത്തുള്ള സമീർ വില്ലയിലാണ് അദ്ദേഹമിപ്പോൾ താമസിക്കുന്നത്.

ആദരിക്കൽ ചടങ്ങില്‍ എ.കെ. ഫൈസല്‍, പുന്നക്കല്‍ മുഹമ്മദ്‌ ആലി, അന്‍സാര്‍ കൊയിലാണ്ടി, ദീലിപ് രാജ്, തല്‍ഹത്ത്, സാഹില്‍ ഹാരിസ്, ബെല്ലോ ബഷീര്‍, മൊയ്തു കുറ്റിയാടി, സുബൈര്‍ വെളിയോട്, അസിഫ്, ഹാരിസ് പള്ളിപ്പുറം, യുനസ് തണല്‍, രാജന്‍ കൊള്ളവിപ്പാലം, ജുനൈദ്, ഫൌസീര്‍, അസീസ് മണമ്മല്‍, മുഹമ്മദ് അന്‍വര്‍ സ്മാര്‍ട്ട്‌ ട്രാവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.