കേട്ടുമതിവരാതെ ദിൽവാലേയിലെ ആദ്യ ഗാനം

കാജോളും ഷാറൂഖും ഒന്നിക്കുന്ന ദിൽവാലേയിലെ ആദ്യ ഗാനം ഏറെ ഹിറ്റായി എന്നു പറയുന്നതിൽ പോലും അർഥമില്ല. കാരണം അതുറപ്പായിരുന്നു പണ്ടേ. ഇന്ത്യൻ ചലച്ചിത്ര ലോകം അത്രയേറെ കാത്തിരിക്കുകയാണ് ഷാറൂഖിന്റെയും കാജോളിന്റെയും അഭിനയ മുഹൂർത്തങ്ങൾക്ക്. അപ്പോൾ ആ ചിത്രത്തിനെ സംബന്ധിച്ച് പുറത്തുവരുന്നതെല്ലാം സിനിമാ പ്രേമികൾ ഏറ്റെടുക്കുമല്ലോ. ദിൽവാലേയിലെ ഗാനവും അതിലെ രംഗങ്ങളും പക്ഷേ ഇപ്പറഞ്ഞ ഘടകങ്ങളൊന്നുമില്ലെങ്കിലും ഹിറ്റാകും. കാരണം അത്രയ്ക്ക് സുന്ദരമാണ് അതിലെ വരികൾ. അതിനേക്കാൾ മനോഹരമാണ് പാട്ടിനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ.

വെള്ളപ്രാവുകളും നിശബ്ദമായ കടലും പ്രകൃതിക്ക് വശ്യതയേകുന്ന അന്തരീക്ഷത്തിലേക്ക് പ്രസരിപ്പോടെ ഷാറൂഖ് വരുന്നു. മഞ്ഞ സാരി പറപ്പിച്ച് ആരോ വരച്ചിട്ട് പറത്തിവിട്ട ചിത്രത്തിലെ പെണ്ണുടൽ പോലെ കാജോളുമെത്തുന്നു. പാട്ടിൽ രണ്ടു പേരുടെയും കടന്നുവരവ് തന്നെ ഗംഭീരം. യുവത്വത്തിന്റെ തുടിപ്പുള്ള കുട്ടിത്തരങ്ങളുള്ള ഷാറൂഖും കാജോളുമാണ് വർഷങ്ങളായി നമ്മുടെ മനസിൽ. എന്നാൽ പാട്ടിൽ രണ്ടു പേരും പക്വത വന്ന പ്രണയിനികളെ പോലെ. നല്ല നിറങ്ങളിൽ സാരികളുടുത്ത കജോൾ വയസ് നാൽപതു പിന്നിട്ടിട്ടും എത്ര സുന്ദരി. പഴയതു പോലെ പ്രസരിപ്പോടെ ഷാറൂഖ്. കാറ്റത്ത് പറന്നാടുന്ന ആ സാരിത്തുമ്പുകളിലൂടെ പാട്ടിന്റെ രംഗം പിന്നിടുമ്പോൾ ബോളിവുഡിലെ എക്കാലത്തേയും മികച്ച പ്രണയ ജോഡികൾ കാലാതീതമാക്കുന്ന പോലെ.

ഗേരുവ എന്നു തുടങ്ങുന്ന ഗാനം കാതുകളിലങ്ങ് ചേക്കേറിക്കഴിഞ്ഞു. ഗരേവ എന്നാൽ ഓറഞ്ച് എന്നാണർഥം. കാജോളും-ഷാറൂഖും പ്രണയ ജോഡികളാകുന്ന ചിത്രത്തിലെ വരികളെഴുതുമ്പോൾ അതിന്റെ തീവ്രത എങ്ങനെയായിരിക്കണമെന്ന പാട്ടെഴുത്താണ് അമിതാഭ് ഭട്ടാചാര്യ നടത്തിയത്. വരികളുടെ ഉള്ളറിഞ്ഞ് പ്രീതം ഗാനം ചിട്ടപ്പെടുത്തി. അരിജിത് സിങും അന്തരാ മിത്രയും പാടി നിർത്തിയപ്പോൾ ‌ബോളിവുഡ് സമ്മാനിച്ച മറ്റൊരു സുന്ദര പ്രണയ ഗാനമായി അത് മാറി. ദിൽവാലേ സിനിമ കാണുന്ന സന്തോഷത്തോടെയാണ് പാട്ടിനെ ആരാധകർ വരവേറ്റത്. ഗാനരംഗത്തിൽ രണ്ടു പേരും കൂടുതൽ റൊമാന്റിക് ആയ പോലെ. നൊസ്റ്റാൾജിയ നിറഞ്ഞു നിൽക്കുന്ന പാട്ടിനെ ആദ്യം കേട്ടതിനു ശേഷമിതുവരെ മാറ്റിവച്ചിട്ടില്ല കാജോൾ-ഷാറൂഖ് ജോഡികളുടെ ആരാധകർ.

ഐസ്‌ലൻഡിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ദിൽവാലേ ഡിസംബർ പതിനെട്ടിനാണ് പ്രദർശനത്തിനെത്തുക. റെഡ് ചില്ലീസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ഷാറൂഖിന്റെ സ്വന്തം ഗൗരിയാണ് ചിത്രം നിർമിക്കുന്നത്. ദിൽവാലേയുടെ ആദ്യ പ്രദർശനത്തിലെ ടിക്കറ്റുകൾ ഇതിനോടകം വിറ്റുപോയിക്കഴിഞ്ഞു.