മസാല കോഫിയുടെ പാട്ടിനു ആശംസയുമായി താരങ്ങള്‍

മെലഡിയും റാപും റോക്കും എന്നു വേണ്ട സംഗീത ശൈലികളെയെല്ലാം പാടി രസിപ്പിക്കുന്ന മ്യൂസിക് ബാൻഡ് ആണ് മസാല കോഫി. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ പാട്ടു സംഘമാണിവരുടേത്. മസാല കോഫിയുടെ ആദ്യ മ്യൂസികൽ വിഡിയോ ഇന്നു പുറത്തിറങ്ങും. യുവ ഗായകരുടെ കൂട്ടായ്മയുടെ നിർണായകമായ ചുവടുവയ്പ്പിനു ആശംസകൾ നേർന്നു സംഗീത സംവിധായകൻ അർജുനൻ മാസ്റ്ററടക്കമുള്ള പ്രമുഖരെത്തി. അഭിനേതാക്കളായ വിശാൽ. അനൂപ് മേനോൻ, അപർണ ഗോപിനാഥ്, ടൊവിനോ തോമസ്, സംഗീതജ്ഞരായ ബിജിബാൽ, സ്റ്റീഫൻ ദേവസി,ഹരിചരൺ, ജാസീ ഗിഫ്റ്റ്,  തുടങ്ങിയവരാണു ബാൻഡിന്റെ സ്നേഹാദരങ്ങൾ നൽകിയത്. 

കാവാലം നാരായണ പണിക്കർ രചിച്ച ആലായൽ തറവേണം എന്ന പാട്ടാണ് ഇവർ പാടി വിഡിയോ തയ്യാറാക്കിയത്. നേരത്തേ 'കാന്താ ഞാനും വരാം' നാടൻ പാട്ടിനു ഇവർ തയ്യാറാക്കിയ കവർ വേർഷൻ ഏറെ ശ്രദ്ധേയമായിരുന്നു. വീണ്ടും അതുപോലുള്ള ഗാനങ്ങൾ ചെയ്യണമെന്നു നിരവധി പേർ ആവശ്യപ്പെട്ടതോടെയാണു ബാൻഡ് ഇക്കാര്യത്തെ കുറിച്ച് ആലോചിച്ചതെന്നു ബാൻഡ് സ്ഥാപകൻ വരുൺ സുനിൽ മനോരമ ഓൺലൈനോടു പറഞ്ഞു. ഇന്നു രാത്രിയാണു പാട്ട് ലോഞ്ച് ചെയ്യുന്നത്. സുമേഷ് ലാൽ ആണു വിഡിയോ സംവിധാനം ചെയ്യുന്നത്.