Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതലോകം പിന്തുടർന്നു, ആ വഴി

N Ramani ഡോ. എൻ. രമണി

പുല്ലാങ്കുഴൽ സംഗീതത്തെ കേൾവിസുഖമുള്ള സംഗീതമാക്കി മാറ്റിയ അതുല്യപ്രതിഭയായിരുന്നു ഡോ. എൻ. രമണി. അതുവരെ പുല്ലാങ്കുഴൽ സംഗീതം കേൾവിസുഖത്തിനു പ്രാധാന്യം നൽകുന്ന രീതിയിലായിരുന്നില്ല. അതിനു മാറ്റം വരുത്തുകയെന്ന വലിയ കാര്യമാണ് അദ്ദേഹം ചെയ്തത്.

പുല്ലാങ്കുഴൽ സംഗീതത്തിൽ അദ്ദേഹം മാറ്റം വരുത്തിയപ്പോൾ അനുഭവിച്ച പ്രയാസങ്ങളെപ്പറ്റി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പഴയ രീതിയിൽ നിന്നു മാറാൻ പലരും മടിച്ചു. അദ്ദേഹം വെട്ടിത്തെളിച്ച വഴിയിലൂടെ ലോകം പിറകേ ചെല്ലുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു യുഗം അവസാനിച്ചു. പുതുമകൾ ആലോചിക്കാൻ പലർക്കും പറ്റും. പക്ഷേ അതു നടപ്പിലാക്കുകയും ഫലിപ്പിച്ചെടുക്കുകയുമാണു പ്രയാസമുള്ള കാര്യം. അതുകൊണ്ടുതന്നെ അദ്ദേഹം വേറിട്ടുനിൽക്കുന്നു.

പതിനഞ്ചു വർഷം മുൻപു ചെന്നൈ മൈലാപ്പൂരിലെ വീട്ടിലാണു ഞാൻ ആദ്യമായി അദ്ദേഹത്തെ കണ്ടത്. മൈലാപ്പൂരിൽ എനിക്ക് അന്നു കച്ചേരിയുണ്ടായിരുന്നു. അന്നു രാവിലെ ഞാൻ ഫോണിൽ അദ്ദേഹത്തെ വിളിച്ചു സ്വയം പരിചയപ്പെടുത്തി. വൈകിട്ടു കച്ചേരിക്കു വരാനുള്ള ക്ഷണവുമായി അൽപം കഴിഞ്ഞു വീട്ടിലുമെത്തി.

നേരിട്ടുകണ്ടിട്ടില്ലാത്ത ഗുരുനാഥനായി മനസ്സിൽ കൊണ്ടുനടന്ന അദ്ദേഹത്തെ ആദ്യം കണ്ടപ്പോഴുണ്ടായ സന്തോഷം വളരെ വലുതായിരുന്നു. പിന്നീടു പലപ്പോഴും യാത്രകളിൽ അദ്ദേഹവുമായി ഒത്തുചേർന്നിട്ടുണ്ട്. പുല്ലാങ്കുഴൽ സംഗീതത്തിൽ കേരളത്തിൽ നിന്ന് അദ്ദേഹം ശ്രദ്ധിച്ചവരിൽ ഒരാൾ ഞാനായിരുന്നു എന്ന അറിവ് എന്റെ ഹൃദയം നിറച്ചു. ഇത് അദ്ദേഹം മറ്റു ചിലരോടു പറഞ്ഞതാണ്.

അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങൾ പോരാ എന്നാണ് എന്റെ പക്ഷം. ഇത്രയധികം കഴിവുള്ള മറ്റൊരാൾ ഇനിയുണ്ടാവുമെന്നു തോന്നുന്നില്ല.