സ്റ്റൈലൻ ലുക്കും പാട്ടുമായി എ ആർ റഹ്മാൻ

വിരാട് കോഹ്‍ലിയ്ക്കൊപ്പം സ്റ്റൈലൻ ലുക്കും ഡാൻസുമായി എ ആർ റഹ്മാൻ. കാണാൻ കാത്തിരുന്ന ഫുട്സാൽ ഇന്ത്യയുടെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. നാം ഹെ ഫുട്സാൽ എന്ന പെപ്പി നമ്പറിനൊപ്പം ആടിപ്പാടുകയാണ് വിരാട് കോഹ്‍ലിയും എ ആർ റഹ്മാനും. റഹ്മാൻ ഈണമിട്ട് കോ‍ഹ്‍ലി പാടിയ ഗാനമാണിത്. ഇന്ത്യയുടെ ഏതെങ്കിലുമൊരു ലീഗ് മത്സരത്തിന് ഇതാദ്യമായാണു റഹ്മാൻ ഈണമിടുന്നത്. 

ഫുട്സാൽ ഇന്ത്യയ്ക്കായ് പാട്ടൊരുക്കാനായതിൽ അഭിമാനമുണ്ടെന്നു റഹ്മാൻ പറഞ്ഞു. രാജ്യത്തെ യുവ വ്യവസായികൾ കായിക രംഗത്തോടു കാണിക്കുന്ന അർപ്പണബോധം കാണുമ്പോൾ സന്തോഷം തോന്നുന്നു. അവർക്കെല്ലാവിധ ആശംസകളും നേരുന്നു. വിരാട് കോഹ്‍ലിയ്ക്കൊപ്പം പാട്ടു തയ്യാറാക്കുമ്പോള്‍ വല്ലാത്ത ആകാംഷയായിരുന്നു. ബാറ്റുകൊണ്ടു കാണിക്കുന്ന മികവു മെലഡി ഗാനത്തിലും കോഹ്‍ലിയ്ക്കു കൊണ്ടുവരാനാകുമെന്നാണു പ്രതീക്ഷയെന്നും റഹ്മാൻ പറഞ്ഞു. 

വിരാടിനൊപ്പം കാർത്തിക്, ലേഡി കാഷ് എന്നിവരാണ് ഒപ്പം പാടിയിരിക്കുന്നത്. ഡിഡിബി മുദ്രാ ഗ്രൂപ് ആണു വരികളെഴുതിയത്. കൊച്ചിയടക്കം എട്ടു ഫ്രാഞ്ചൈസികളുള്ള മത്സരം ഈ മാസം 15നു തുടങ്ങും. 21 രാജ്യങ്ങളിൽ നിന്നുള്ള അമ്പതിലധികം കായിക താരങ്ങളാണു മത്സരത്തിൽ പങ്കുചേരുക.