ആദ്യം ഒപ്പം പിന്നെ വില്ലൻ‍: മോഹൻലാൽ ചിത്രങ്ങൾക്ക് ഈണങ്ങളുമായി ഇവർ

സംഗീതത്തിലെ നാൽവർ സംഘമാണു ഫോർ മ്യൂസിക്സ്. ഒപ്പം എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയരായ ജിം ജേക്കബ്, ബിബി മാത്യുസ്, എൽദോസ് ഏലിയാസ്, ജസ്റ്റിൻ ജയിംസ് എന്നിവർ ആ മാജിക് പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. മലയാളത്തിലാദ്യമായി ഒരു പാട്ടിന് രണ്ടാം ഭാഗവുമായി എത്തുകയാണിവർ. മിനുങ്ങും മിന്നാമിനുങ്ങേ.. എന്ന പാട്ടിന്റെ രണ്ടാം ഭാഗം സദൃശ്യവാക്യം 24:29 എന്ന സിനിമയിലാണു വരുന്നത്. സംവിധായകൻ എം. പ്രശാന്താണ് പാട്ട് പുതിയ രീതിയിൽ ഉപയോഗപ്പെടുത്താമെന്ന നിർദേശം മുന്നോട്ടു വച്ചത്. ഇവർ ഒരുക്കിയ കണ്ടിട്ടും കണ്ടിട്ടും... എന്നു തുടങ്ങുന്ന വില്ലനിലെ പാട്ടും ഹിറ്റ് ചാർട്ടുകളിലുണ്ട്. അങ്കമാലി മൂക്കന്നൂർ സ്വദേശികളാണു നാലുപേരും. 

  

 ആഴകം സെന്റ് മേരീസ് ഇടവകയിലെ ക്വയറിൽ നിന്നാണു ഫോർ മ്യൂസിക്സിന്റെ തുടക്കം. പള്ളി ക്വയറിലെ പാട്ടുകളിൽ നിന്നു ബാൻഡ് (91 ബിസി) ആരംഭിച്ച സംഘം പഠനത്തിനായി ഇടക്കാലത്ത് വഴിപിരിയുകയായിരുന്നു. ഏറെ വർഷങ്ങൾക്കു ശേഷം മഴത്തുള്ളി എന്ന ആൽബം ചെയ്തു കൊണ്ടാണു മടങ്ങിയെത്തിയത്. ജിം അയർലൻഡിൽ സൗണ്ട് എൻജീനീയറിങ് പഠിച്ചപ്പോൾ ജസ്റ്റിൻ ന്യൂസീലൻഡിലായിരുന്നു. വഴിപിരിഞ്ഞെങ്കിലും പാട്ടിനോടുള്ള അഗാധമായ താൽപര്യമാണു നാലു കൂട്ടുകാരെ വീണ്ടും ഒരുമിപ്പിച്ചത്. ജിം പഠനത്തിനു ശേഷം കൊച്ചിയിൽ ആരംഭിച്ച നോയ്സ് ഹെഡ് ക്വാർട്ടേഴ്സ് എന്ന റിക്കോർഡിങ് സ്റ്റുഡിയോയും അക്കാദമിയും വൈകാതെ ഫോർ മ്യൂസിക്സിന്റെ താവളമായി. ജസ്റ്റ് മാരീഡായിരുന്നു ഇവരുടെ ആദ്യ സിനിമ.

     

ആന്റണി പെരുമ്പാവൂരാണ് സംവിധായകൻ പ്രിയദർശനെ പരിചയപ്പെടുത്തിയത്. സിനിമയിലെ മൂന്നു സാഹചര്യങ്ങൾ വിശദീകരിച്ച പ്രിയൻ അതിനു യോജിച്ച ട്യൂണുകളുമായി വരാൻ പറഞ്ഞു. ട്യൂണുകൾ കേട്ടതോടെ പ്രിയൻ  അവസരം നൽകുകയായിരുന്നുവെന്നു ജിം പറയുന്നു. ഒപ്പത്തിനായി നാലു പാട്ടുകളാണ് ഒരുക്കിയത്. കരിയറിലെ ആദ്യ ബ്രേക്കും ഇതായിരുന്നു. തൊട്ടുപിന്നാലേ വില്ലൻ, മീസാൻ എന്നിവ ചെയ്തു. സൂഫി, ഗസൽ പശ്ചാത്തലത്തിലുള്ള മീസാനിലെ പാട്ടുകൾ ഒപ്പത്തിൽ നിന്നു തീർത്തും വ്യത്യസ്തമായിരുന്നു. ശങ്കർ മഹാദേവനാണ് മീസാനിൽ ഒരു പാട്ട് പാടിയിരിക്കുന്നത്. ഒപ്പത്തിന്റെ കന്നഡ പതിപ്പിനു വേണ്ടിയും തമിഴിൽ അഗോരി എന്ന ചിത്രത്തിനു വേണ്ടിയും സംഗീതം നൽകുന്ന തിരക്കിലാണ് ഫോർ മ്യൂസിക്സ്. പാട്ടുകൾക്കു പുറമെ സിനിമകളുടെ പശ്ചാത്തല സംഗീതവും ഇവർ ചെയ്യുന്നുണ്ട്. നാലു പേർ ചേർന്നുള്ള സംഗീത സംവിധാനം രസകരമായ ജോലിയാണെന്നു സംഘാംഗങ്ങൾ പറയുന്നു. പലപ്പോഴും വാട്സാപ് ഗ്രൂപ്പു വഴിയാണു ന്യൂസീലൻഡിലുള്ള ജസ്റ്റിൻ പാട്ടു ചർച്ചകളിൽ പങ്കെടുക്കുന്നത്. നാലുപേർക്കും ഇഷ്ടമായാൽ മാത്രമേ ഏതൊരു ഈണവും ഉറപ്പിക്കാറുള്ളു.