തിരക്കുകൾക്കിടയിലും അനന്തരവനു വേണ്ടി ഈണമിട്ട് റഹ്മാന്‍

വമ്പൻ സിനിമകളുടെ തിരക്കുകൾക്കിടയിലും അനന്തരവൻ ജി.വി. പ്രകാശിന്റെ ചിത്രത്തിനായി എ.ആർ. റഹ്മാൻ സംഗീതമൊരുക്കി. ജി.വി. പ്രകാശ് നായകനാകുന്ന ചിത്രത്തിനായി ഒൻപതു ഗാനങ്ങളാണു റഹ്മാൻ ചിട്ടപ്പെടുത്തിയത്. മണിരത്നത്തിന്റെയും ശങ്കറിന്റെയും ചിത്രങ്ങളുടെ തിരക്കിനിടയിലാണ് ജി.വി. പ്രകാശ് സിനിമയ്ക്കായി റഹ്മാൻ ഗാനങ്ങളൊരുക്കിയതെന്നാണു റിപ്പോർട്ടുകൾ. 

ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോന്‍ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന സിനിമയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റഹ്മാനും രാജീവ് മേനോനും ജി.വി. പ്രകാശും ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെയാണു തമിഴ് സിനിമാ ലോകം കാത്തിരിക്കുന്നത്. 

സംഗീതാത്മകമായ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല. നായികയുമായിട്ടില്ല. ഒരു ഡ്രം വാദകനെയാണ് ജി.വി. പ്രകാശ് അവതരിപ്പിക്കുന്നത്. പ്രകാശിന്റെ അഭിനയ ജീവിതത്തിലെ വമ്പൻ പ്രോജക്ടായിരിക്കും ഈ സിനിമയെന്നുറപ്പ്. 

സംഗീത സംവിധായകനായി തുടക്കം കുറിച്ച ജി.വി. പ്രകാശിന്റെ ആദ്യ ചിത്രം വെയിൽ ആണ്. അമ്പതോളം ചിത്രങ്ങൾക്കാണ് പ്രകാശ് ഇതുവരെ ഈണമിട്ടത്. കാമിയോ റോളിൽ കുസേലൻ എന്ന ചിത്രത്തിലെത്തിയതാണ് അഭിനയത്തുടക്കം. രാജേഷ് സംവിധാനം ചെയ്ത ‘കടവുൾ ഇരുക്കാൻ കുമാരു’ എന്ന സിനിമയാണ് ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന ജി.വി. പ്രകാശ് ചിത്രം.