അന്ന് വിഷമം തോന്നി, ഇപ്പോൾ പരാതിയില്ല : വേണുഗോപാൽ

മണിച്ചിത്രത്താഴുമായി ബന്ധപ്പെട്ട പുതിയ വിവാദത്തെ സംബന്ധിച്ച് തനിക്ക് പരാതിയോ പരിഭവമോയില്ല. ചിത്രത്തിന്റെ ടൈറ്റിലിൽ എന്റെ പേര് ഉൾപ്പെടുത്താതിരുന്നത് യാദൃശ്ചികമായി സംഭവിച്ചതാണ്. അന്നതിൽ വിഷമം തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നുമോർക്കാറില്ലെന്നും ജി വേണുഗോപാൽ മനോരമ ഓൺലൈനോടു പറഞ്ഞു. മണിച്ചിത്രത്താഴ് സിനിമയിൽ ശോഭനയുടെ കഥാപാത്രത്തിന്റെ പ്രശസ്തമായ തമിഴ് ഡയലോഗ് ഡബ്ബ് ചെയ്ത ദുർഗയുടെയും ചിത്രത്തിലൊരു പാട്ടു പാടിയ ജി വേണുഗോപാലിന്റെയും പേരുകള്‍ ചിത്രത്തിന്റെ ക്രെഡിറ്റ് ടൈറ്റിലിൽ വിട്ടുപോയതായി ഫാസിൽ മനോരമ വാരികയിലെ ഒരു പംക്തിയിൽ വെളിപ്പെടുത്തിയിരുന്നു. ചിത്രയും സുജാതായും ജി വേണുഗോപാലും ചേർന്ന് പാടിയ പാട്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ സോങ്.

ബിച്ചു തിരുമല എഴുതിയ അക്കുത്തിക്കുത്താനക്കൊമ്പിൽ എന്ന പാട്ട്. വിൽസൺ ഓഡിയോസ് പുറത്തിറക്കിയ പാട്ട് വൻ ഹിറ്റായിരുന്നു. ചിത്രത്തിലെ വിവാദ മുറി തുറക്കുവാനുള്ള താക്കോൽ നിർമിക്കുവാൻ ഗംഗ പോകുന്നതും നാട്ടുവഴികളിലൂടെ നടക്കുന്നതും കാഴ്ചകൾ ആസ്വദിക്കുന്നതുമൊക്കെയുൾപ്പെടുത്തി ചെയ്ത പാട്ടാണത്. രസകരമായ കുസൃതിത്തരങ്ങളൊക്കെ നിറഞ്ഞൊരു പാട്ട്. പാട്ടും രംഗങ്ങളും ഫാസിലിന് ഏറെയിഷ്ടമായിരുന്നു. ചിത്രത്തിനിടയിൽ പാട്ട് ഉൾക്കൊള്ളിക്കാനുള്ള സ്ഥലമിത്തതിനാലാണ് അത് ടൈറ്റിൽ സോങ് ആയത്. പക്ഷേ അപ്പോഴേക്കും ക്രെഡിറ്റ് ടൈറ്റിലൊക്കെ ചെയ്ത് കഴിഞ്ഞിരുന്നു. എന്റെ പേരും ഉൾക്കൊള്ളിക്കാനാവാതെ പോയത് അതുകൊണ്ടാണ്. ഒരിക്കൽ ചെയ്ത ടൈറ്റിലിൽ പിന്ന‌ീട് തിരുത്തൽ വരുത്തുകയെന്നത് അക്കാലത്ത് സാധ്യമായിരുന്നില്ല. അതിനാലാണ് അങ്ങനെ സംഭവിച്ചത്. വിഷയത്തിൽ ആരെയും പഴിചാരേണ്ടതോ കുറ്റപ്പെടുത്തേണ്ടതോയില്ല. അതങ്ങനെ സംഭവിച്ചു പോയതാണ്. ജി വേണുഗോപാൽ പറഞ്ഞു.

ചിത്രത്തിന്റെ ടൈറ്റിലില്‍ ചിത്ര, സുജാത, യേശുദാസ് എന്നിവരുടെ പേരുകൾ മാത്രമാണുള്ളത്. പിന്നെ ഇതൊക്കെ അത്രക്ക് വിഷയമാക്കേണ്ട കാര്യമൊന്നുമില്ല. ഇത്രയേറെ ജനശ്രദ്ധ നേടിയ ചിത്രത്തിൽ ഒരു പാട്ടു പാടിയിട്ട് അത് ലോകമറിയാതെ പോയതിൽ അന്ന് വിഷമം തോന്നിയെന്നത് ശരി തന്നെ. പക്ഷേ ഒരു ഗായകന്റെ ജീവിതത്തിൽ ഇത് സ്ഥിരം കാര്യമാണ്. അതുകൊണ്ടു ഞാനതൊന്നും കാര്യമാക്കാറില്ല. എനിക്ക് മാത്രമല്ലേ, പി ജയചന്ദ്രന് ഇതുപോലെ എത്രയോ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹം പാടിയ എത്രയോ പാട്ടുകൾ സിനിമയിൽ ഉൾപ്പെടുത്താതിരുന്നിട്ടുണ്ട്. അത്രയും മഹാനായ ഒരു ഗായകന് ഇതുപോലുള്ള അനുഭവങ്ങൾ വരുന്നത് വേദനാജനകമല്ലേ.