ഫ്യൂഷൻ സംഗീതത്തിൽ വിസ്മയ താളം തീർത്ത് മനോജ് ജോർജ്

ഫ്യൂഷൻ സംഗീതത്തിൽ വിസ്മയ താളം തീർത്ത് ഗ്രാമി അവാർഡ് ജേതാവും മലയാളിയുമായ മനോജ് ജോർജും സംഘവും തലസ്ഥാനത്തെ ഇളക്കി മറിച്ചു. ടാഗോർ തിയറ്ററിലായിരുന്നു മനോജ് ഫോർ സ്ട്രിങ്ങ്സ് ബാൻഡിന്റെ മിലേ സുർ മേരാ തുമാരാ സിംഫണി അരങ്ങേറിയത്. മനോജ് ജോർജ് നൽകിയ നിവേദനത്തെ തുടർന്ന് സംസ്ഥാനത്ത് സിനിമ ഇതര സംഗീതത്തിനും സംഗീതജ്ഞർക്കും സർക്കാർ അവാർഡ് നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചു.

സംഗീത ആസ്വാദകർക്ക് പുത്തൻ ശ്രുതി വിസ്മയം നൽകി ഫ്യൂഷൻ സംഗീതം.ഇന്ത്യൻ പാശ്ചാത്യ സംഗീത ശൈലി കോർത്തിണക്കി 33 വിഖ്യാതകലാകാരൻമാരുടെ സംഗീത വിരുന്ന്. കേൾവിക്കാരുടെ മനം കവർന്ന് മനോജ് ജോർജിന്റെ വയലിന്‍. ഹോളണ്ട് സ്വദേശി സാക്സഫോണിസറ്റ് മാർട്ടിൻ വെസ്സെർ, സിതാർ വാദകൻ രവിചാരി, മോഹവീണയെന്ന വിസ്മയവുമായി പോളി വർഗ്ഗീസ്.

ബിഥോവൻ, എആർ റഹ്മാൻ എന്നിവരുടെ സൃഷ്ടികളും വിവിധ വാദ്യോപകരണങ്ങളുടെ താളത്തിൽ പെയ്തിറങ്ങി. മനോജ് ജോർജിനെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉപഹാരം നൽകി ആദരിച്ചു.ഗ്രാമി പുരസ്കാരം നേ‌ടിയ ഏഴാമത് ഇന്ത്യാക്കാരനും ആദ്യമലയാളിയുമാണ് മനോജ്. പിആർഡിയും ടൂറിസം വകുപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.