ഗുലാം അലി പാടാനെത്തി

ഗസൽ സന്ധ്യകളവതരിപ്പിക്കുവാൻ പ്രശസ്ത ഗസൽ ഗായകൻ ഗുലാം അലി കേരളത്തിലെത്തി. ശിവസേനയുടെ പ്രതിഷേധത്തിനിടെയാണ് ഗുലാം അലി എത്തുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൊൽക്കത്തയിൽ സംഗീത പരിപാടിയവതരിപ്പിച്ചിരുന്നു ഗുലാം അലി. അതിനു ശേഷമാണ് കേരളത്തിലേക്ക് തന്റെ സംഗീതവുമായെത്തുന്നത്. സ്വരലയയാണ് വിശ്വ ഗായകന്റെ ഗസൽ സന്ധ്യ നാളെ തിരുവനന്തപുരത്തും ഞായറാഴ്ച കോഴിക്കോടും സംഘടിപ്പിക്കുന്നത്. പതാൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് ഗായകനെ ഇന്ത്യയിൽ പാടാനനുവദിക്കില്ലെന്നാണ് ഇപ്പോൾ ശിവസേനയുടെ നിലപാട്. കേരളത്തിൽ അദ്ദേഹം പരിപാടികളവതരിപ്പിക്കുന്ന വേദികളിലേക്ക് മാർച്ച് നടത്തുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം മുംബൈയിൽ അവതരിപ്പിക്കാനിരുന്ന ഗസൽ പരിപാടികൾ ശിവസേനയുടെ എതിർപ്പിനെ തുടർന്ന് വേണ്ടെന്നു വച്ച് ഗുലാം അലി മടങ്ങിയിരുന്നു. ഗുലാം അലിയേയും ഇന്ത്യയേയും ഏറെ വേദനിപ്പിച്ചിരുന്നു ആ സംഭവം. കൊൽക്കത്തയിൽ വന്ന് സംഗീത പരിപാടി അവതരിപ്പിച്ചപ്പോൾ ആ വേദന മാഞ്ഞുപോയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരുപാട് പ്രാവശ്യം കൊൽക്കത്തയിലെത്തിയിൽ വന്നുപോയിട്ടുണ്ട്. പക്ഷേ ഈ പ്രശ്നത്തിനു ശേഷം പാടാൻ വന്നപ്പോൾ അമ്പതു കൊല്ലത്തിനു ശേഷം മടങ്ങിവരുന്ന പ്രതീതിയാണ് തനിക്കെന്നാണ് ഗുലാം അലി പറഞ്ഞത്.