Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

"ഗുലാം അലി സാഹബ്, നിങ്ങൾ പാടിക്കൊണ്ടേയിരിക്കൂ..."

Ghulam Ali ഗുലാം അലി

പാക്കിസ്ഥാനുമായി രാഷ്ട്രീയ, കായിക, സാംസ്കാരിക സഹകരണം അനുവദിക്കില്ലെന്ന്‌ പറഞ്ഞു ഹിന്ദുസ്ഥാനി സംഗീതത്തിലെ ലോകപ്രശസ്‌ത ഗായകനായ ഗുലാം അലിയുടെ സംഗീതപരിപാടി തടയുമെന്ന് ശിവസേന ഭീഷണിപ്പെടുത്തിയിരുന്നു. വിഷമത്തോടെയാണെങ്കിലും ഈ സംഗീത പരിപാടി അദ്ദേഹം റദ്ദാക്കുകയും ചെയ്‌തിരുന്നു. കലയ്ക്കും മതവും രാഷ്‌ട്രീയവും വൈരവുമൊക്കെയുണ്ടോ എന്ന ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നതായിരുന്നു ഈ സംഭവം. ഇന്ത്യയെ നാണംക്കെടുത്തിയ ഈ സംഭവത്തിനിരയായ ഉസ്ദാസ് ഗുലാം അലിയ്ക്ക് ഒരു ആരാധകന്റെ കത്ത്.

അതിർത്തിക്കിപ്പുറം നിന്ന് 'പാകിസ്ഥാൻ'കാരന് ഒരു കത്ത്

"ചുപ്കെ...ചുപ്കെ രാത് ദിൻ

ആസു ബഹാനാ യാദ് ഹെ

ഹം കൊ അബ് തക് ആഷിഖീ കാ

വോ സമാനാ യാദ് ഹെ..."

ഇല്ല...ഗുലാം അലി സാഹബ്, വേദനകളെ കണ്ണുനീരായി കഴുകിക്കളയുന്ന, പ്രണയവും സൗഹൃദവും സ്നേഹവുമെല്ലാം നിറഞ്ഞ കാലങ്ങളെ ഓർമ്മിപ്പിക്കുന്ന നിങ്ങളുടെ ആർദ്രമായ ഗസലുകളെ ഞങ്ങളിൽ നിന്നകറ്റാൻ ഒരു സേനയ്ക്കും അവരുടെ നിരോധനങ്ങൾക്കുമാവില്ല. വിശ്വാസങ്ങൾക്കും ആശയങ്ങൾക്കും വാശിയുടെയും വിദ്വേഷത്തിന്റെയും നിറമാവുന്ന ഈ ആസുരകാലത്ത് ഒരുപക്ഷെ കണ്ണകലത്തിൽ നിന്നകറ്റാൻ അവർക്കായേക്കും. വേദിയൊരുക്കാനുള്ള മണ്ണ് നിഷേധിക്കാനും പൊതുവേദിയിൽ വച്ചു തന്നെ നിങ്ങൾക്കെതിരെ ഭീഷണിയുയർത്താനും അധികാരവും ആൾബലവുമുള്ള അവർക്കു നിഷ്പ്രയാസം സാധിച്ചെന്നു വരാം. പക്ഷെ, ആർദ്രമായ ആ സ്വരത്തിലേക്കെത്തിച്ചേരാൻ, സ്നേഹിക്കുന്നവർക്ക് ഒന്നു കണ്ണടച്ചാൽ മതിയെന്നു മനസ്സിലാക്കാനുള്ള വിവേകം അവർക്കില്ലാതെ പോയി.

സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും ലോകത്തിൽ അതിർ വരമ്പുകളില്ലെന്നും അവിടെ പരസ്പരം സംവദിക്കുന്നത് മനുഷ്യഹൃദയങ്ങളാണെന്നും വെറിപൂണ്ട് ഓടുന്നതിനിടയിൽ അവർ മറന്നുപോയിരിക്കുന്നു. നിർഭാഗ്യവശാൽ തിരുത്തേണ്ടവരും കേൾക്കേണ്ടവരും ഒന്നുമറിയാത്ത പോലെ നടിക്കുന്നു.

കയ്യിലെ ഭക്ഷണപ്പൊതിയുടെ പേരിലും ഫെയ്സ്ബുക്ക് ചുമരിലെ അക്ഷരങ്ങളുടെ പേരിലുമെല്ലാം മനുഷ്യരെ വേട്ടയാടുന്ന കാലത്ത് വെറുതെ മൂളുന്ന പാട്ടിന്റെ 'ജന്മദേശം' അന്വേഷിച്ചാലും ഞങ്ങൾക്ക് ഇപ്പോൾ വലിയ അത്ഭുതം തോന്നില്ല. വരിഞ്ഞുമുറുക്കലുകളും നിരോധനങ്ങളും വെറുപ്പിന്റെ മൈക്ക് കെട്ടിയുള്ള വിളിച്ചുപറയലുകളും അത്രമേൽ പരിചിതമായിട്ടുണ്ട്.

"ഹം തെരേ ഷെഹർ മേ ആയേ ഹെ

മുസാഫിർ കി തരാ " എന്നു പാടി ഈ രാജ്യത്തെ നഗരങ്ങളിലേക്കു ആർക്കും കടന്നുവരാവുന്ന കാലം കഴിഞ്ഞുതുടങ്ങിയെന്നു തോന്നുന്നു. പേരിന്റെയും ദേശത്തിന്റെയും തൊലിനിറത്തിന്റെയും വംശത്തിന്റെയും മതത്തിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് കടന്നുവരാനും ജീവിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാമുള്ള അനുമതികൾ നൽകപ്പെടുന്നത്.

ഓരോ ദിവസം കടന്നുപോവുമ്പോഴും നിരാശയും വേദനയുമുണ്ടാക്കുന്ന പുതിയ വാർത്തകൾ തേടിയെത്തിക്കൊണ്ടിരിക്കുമ്പോൾ,

"യെ ദൗലത്ത് ഭി ലേലോ

യെ ഷൊഹറത്ത് ഭി ലേലോ...

മഗർ മുജ്സെ ലോട്ടാ ദൊ

വൊ ബച്പൻ കാ സാവൻ"

എന്ന ജഗ്ജിത് സിങ്ങിന്റെ വിഷാദസ്വരത്തിലേക്ക് ഞങ്ങൾ പലരും സ്വയം ഒളിക്കാറുണ്ട്. കടലാസ്സു തോണിയും മുത്തശ്ശിയുടെ കഥയും കേൾക്കാനുള്ള കൊതികൊണ്ടു മാത്രമല്ല ഗുലാം സാഹബ്, മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യൻ മനുഷ്യനാൽ വേട്ടയാടപ്പെടുകയും പൊതുനിരത്തിൽ വസ്ത്രമുരിയപ്പെടുകയും ചെയ്യുന്ന കാഴ്ചകളിൽ നിന്ന് രക്ഷപ്പെട്ട്, ഒരിറ്റ് സ്നേഹം തേടിയിട്ടു കൂടിയാണ്. ഇപ്പോഴിതാ, നമ്മെ കടന്നുപോയ ആ മനുഷ്യന്റെ ഓർമ്മദിവസം 'പാകിസ്ഥാൻ'കാരനായ നിങ്ങളുടെ പാട്ടിലൂടെ ഓർമ്മിക്കപ്പെടേണ്ടെന്ന് അവർ തീരുമാനിച്ചിരിക്കുന്നു. അതിർത്തിക്കപ്പുറമുള്ളവരെല്ലാം ശത്രുക്കളാണെന്നാണല്ലോ പഠിപ്പിച്ചെടുക്കുന്നതും. നാളെ, നമ്മളെന്തു മിണ്ടണമെന്നും ഓർമ്മിക്കണമെന്നും അവർ പറയുമായിരിക്കും.

അവരുടെ നിരോധനങ്ങളും വാശികളും ഭീഷണികളും തുടരട്ടെ. നിങ്ങൾ പാടിക്കൊണ്ടേയിരിക്കൂ. പ്രതീക്ഷയറ്റു തുടങ്ങുന്ന കാലത്ത് വെളിച്ചം ബാക്കിയാവുന്നത് ദേശ-ഭാഷാ-ജാതി ചിന്തകൾക്കപ്പുറത്തേക്ക് സ്നേഹം പടർത്തുന്ന നിങ്ങളുടേതുപോലുള്ള സ്വരങ്ങളിലാണ്.

അതിർത്തി വരകൾക്കിപ്പുറം, എത്ര കാതം ദൂരെയായാലും നിങ്ങളുടെ ഗസലുകൾക്കായി കാതോർക്കുന്നവരുണ്ട്. വേട്ടക്കാർ തേടിയെത്താറാവുമ്പോഴും, ദേശത്തിന്റെയും മതത്തിന്റെയും ജാതിയുടെയും കണക്കുകളില്ലാതെ സ്നേഹത്തോടെയൊന്നു കെട്ടിപ്പിടിക്കാൻ, കണ്ണടച്ച് നല്ലൊരു ലോകം സ്വപ്നം കാണാൻ, കുറച്ചു നേരത്തേക്കെങ്കിലും അസുരഭാവങ്ങളിൽ നിന്നും മതേതരനാട്യങ്ങളിൽ നിന്നും ഒളിച്ചു നിൽക്കാൻ, നഷ്ടമായതൊക്കെ ഓർക്കാൻ, ഒന്നു കരയാൻ... ഗുലാം അലി സാഹബ്, നിങ്ങൾ പാടിക്കൊണ്ടേയിരിക്കൂ... കാത്തിരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.