Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ മൊസാർട്ടിന് സന്തോഷ ജന്മദിനം

rahman-photo

പ്രണയത്തിന് കൂടാരമൊരുക്കിയ മഞ്ഞുമലകൾക്കായി ബേക്കൽ കോട്ടയിലേക്ക് ആർത്തലച്ചെത്തിയ തിരമാലകൾക്കായി മതം രക്തം വീഴ്ത്തിയ മുംബൈയ്ക്കായി ഭുവനും അവന്റെ ഗൗരിക്കുമായി സംഗീതമെഴുതിയ മാന്ത്രിക ജന്മത്തിനിന്ന് ജന്മദിനം. അള്ളാ രഖാ റഹ്മാനിന്ന് നാൽപത്തിയൊമ്പതാം പിറന്നാൾ മധുരം. വയലിനോടും സിത്താറിനോടും വീണയോടും രാപകൽ ഭേദമില്ലാതെ സല്ലപിച്ച് പുതിയ ഈണക്കൂട്ടകള്‍ തീർക്കാൻ മദ്രാസിന്റെ മൊസാർട്ടിനൊപ്പം കാലമേറെ ദൂരം സഞ്ചരിക്കട്ടെ.

സംഗീതസംവിധായകൻ ആർ കെ ശേഖറിന്റെ മകനായി 1967 ജനുവരി ആറിന് ചെന്നൈയിലായിരുന്നു റഹ്മാന്റെ ജനനം. സംഗീതത്തിനൊപ്പം പകരമൊന്നും ആഗ്രഹിക്കാതെ നടന്നുനീങ്ങിയ അച്ഛൻ തന്നെയാണ് സംഗീതത്തിന്റെ കരങ്ങളെ ചേർത്തുപിടിക്കാൻ റഹ്മാന് പ്രചോദനമായത്. അച്ഛന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്ക് കൊടുത്തായിരുന്നു റഹ്മാനും അമ്മയും സഹോദരിമാരും കഴിഞ്ഞത്. പിന്നെ റഹ്മാനും ചെറിയ സംഗീത സംഘങ്ങൾക്കൊപ്പം കൂടി.

അഭ്രപാളികളെ പ്രണയിച്ച് സാധാരണ പ്രേക്ഷകന് ഏറ്റവും മനോഹരമായ കാഴ്ചയനുഭവം സമ്മാനിക്കുന്ന മണിരത്നമെന്ന സംവിധായകന്റെ റോജയെന്ന ചിത്രത്തിന് ഈണമിട്ടതോടെയാണ് ഇന്ത്യയുടെ മനസ് റഹ്മാനൊപ്പം കൂടിച്ചേർന്നത്. ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്കാരം. 1992ൽ പുറത്തിറങ്ങിയ ആ ചിത്രത്തിലെ പാട്ടുകേട്ടിനിയും നമുക്ക് മതിയായിട്ടില്ല. റോജയിലെ പാട്ടുകൾക്ക് സംഗീതമൊരുക്കാൻ റഹ്മാൻ വായിച്ച പിയാനോയിലേക്ക് ഇന്നും നമ്മൾ കാതുചേർത്ത് വയ്ക്കുന്നു. ലഗാനിലൂടെ ബോംബെയിലൂടെ അലൈപായുതേയിലൂടെ വിണ്ണൈ താണ്ടി വരുവായിലൂടെ സംഗീതത്തിന്റെ ഹൃദയം തൊട്ട് റഹ്മാൻ തീർത്ത ഈണങ്ങൾക്കെല്ലാം കാലത്തെ അതിശയിപ്പിക്കുന്ന സ്വരഭംഗിയായിരുന്നു.

ഒമ്പതാം വയസിൽ വേദികളിലിരുന്നു ഹാർമോണിയം വായിച്ചു തുടങ്ങിയ പ്രതിഭയുടെ ജീവിതം ലോക സംഗീതത്തിന്റെ ഏടുകളിലേക്ക് നടന്നുക്കയറിയത് അതുവരെ കേൾക്കാത്ത അനുഭവിക്കാത്ത ഈണങ്ങളെ സമ്മാനിച്ചതിലൂടെയാണ്. റഹ്മാന്റെ പുതിയ പാട്ടെന്ന ചെറിയ വാർത്തകളിൽ പോലും സംഗീതമനുഭവിക്കാൻ ഒരു ജനതയ്ക്ക് സാധിക്കുന്നുവെങ്കില്‍ അപൂർവ ജന്മമമെന്നു തന്നെയല്ലേ പറയേണ്ടതുള്ളൂ.

രണ്ട് ഓസ്കർ പുരസ്കാരങ്ങൾ, രണ്ട് ഗ്രാമി അവാര്‍ഡ് ബാഫ്റ്റയുടെ ഒരു പുരസ്കാരം, ഒരു ഗോൾഡൻ ഗ്ലോബ് നാല് ദേശീയ പുരസ്കാരങ്ങള്‍, പതിനഞ്ച് ഫിലിം ഫെയർ അവാർഡുകൾ അങ്ങനെ ലോകം ഒരുക്കിവച്ച പുരസ്കാരങ്ങളെല്ലാം ഈ പ്രതിഭയുടെ കൈക്കുമ്പിളിലേക്കെത്തി. സൂര്യകണങ്ങളെ എത്തിയെന്നോ നക്ഷത്രങ്ങൾ കൺചിമ്മുന്നുവെന്നോ തിരിച്ചറിയാതെ ആരും തീർക്കാത്ത ഈണങ്ങൾക്കായി മദ്രാസിലെ സ്റ്റ്യുഡിയോയിലിരുന്ന് കാലത്തെ നോക്കി ചിരിക്കുന്ന റഹ്മാൻ ഒരത്ഭുതം തന്നെയാണ്. ആ ചിരി ഇനിയുമേറെ നാൾ നിലനിൽക്കട്ടെ.....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.