ആകാശദീപം എന്നും ഉണരുമിടമായോ....

രാഗഭാവങ്ങളുടെ ഭംഗി ഒട്ടും ചോരാത്ത കുറേ നല്ല ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകൻ ശരത്തിന്റെ പിറന്നാൾ ദിനമാണിന്ന്. ബാലമുരളീ കൃഷ്ണയെന്ന സംഗീത വിസ്മയത്തിന്റെ ശിഷ്യൻ, സങ്കീർണമായ പാട്ടുകളുെട സൃഷ്ടാവ് അങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് ശരത്തിന്. 

സംഗീത സംവിധായകൻ മാത്രമല്ല ശരത് നല്ലൊരു ഗായകനും കൂടിയാണ്. പക്ഷേ ശരതിന്റെ സംഗീത പ്രതിഭയെ അടുത്തറിയുവാൻ മലയാളിക്ക് സാധിച്ചത് അദ്ദേഹമൊരു റിയാലിറ്റി ഷോയിലെ വിധികർത്താവായി എത്തിയതോടെയാണ്. ജ്ഞാനം കൊണ്ടും നർമ മൂറുന്ന വർത്തമാനം കൊണ്ടും മലയാളത്തിന്റെ പ്രിയപ്പെട്ടയാളായി അതോടുകൂടി. കർണാടിക് സംഗീത ആഴങ്ങളറിഞ്ഞ സംഗീതജ്ഞൻ ഒരുപാടധികം ഗാനങ്ങളൊന്നും ചിട്ടപ്പെടുത്തിയിട്ടില്ല. അതുപോലെ അദ്ദേഹത്തിന്റെ ഗാനങ്ങളെ അത്രയെളുപ്പം കേട്ടു പഠിക്കാനോ പാടുവാനോ സാധിക്കുകയില്ല. 

വാസുദേവന്റെയും ഇന്ദിരാ ദേവിയുടെയും മകനായി 1969ൽ കൊല്ലത്താണ് ശരത് ജനിക്കുന്നത്. സുജിത് എന്നാണ് യഥാർഥ പേര്. 1990ൽ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് തുടക്കം കുറിച്ചത്. ചിത്രത്തിലെ ആകാശ ദീപം എന്നുമുണരുമിടമായോ എന്ന പാട്ട് എന്നെന്നും നമുക്ക് പ്രിയപ്പെട്ടതാണ്. പവിത്രം, സാഗരം സാക്ഷി, ഇവൻ മേഘരൂപൻ തുടങ്ങിയ സിനിമകളിലെല്ലാം ശരതിന്റെ മികച്ച ഗാനങ്ങളുണ്ട്. 2011ൽ ഇവൻ മേഘരൂപനിലെ പാട്ടുകൾക്ക് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും ശരത്തിനു ലഭിച്ചു. 2009ൽ മേഘതീർഥം എന്ന സിനിമയിലെ ഭാവയാമി പാടുമെന്റെ എന്നു തുടങ്ങുന്ന പാട്ടിലൂടെ ശരത്തിലെ ശാസ്ത്രീയ സംഗീതജ്ഞന്റെ പ്രതിഭയേയും അനുഭവിച്ചറിഞ്ഞു. ഈ പാട്ടിനും സംസ്ഥാന പുരസ്കാരം ലഭിക്കുകയുണ്ടായി. 

നല്ല സ്വരവും പാടുവാനുള്ള ആഗ്രഹവും മാത്രം പോര, ജനകീയമാകുന്ന കുറേ പാട്ടുകൾ മാത്രം പാടിയാൽ പോര, സംഗീതത്തെ അടുത്തറിയുവാനുള്ള തുറന്ന മനസാണ് ഓരോ സംഗീതജ്ഞനും സമീപനം വേണമെന്നു നിഷ്കർഷിക്കുന്ന സംഗീതജ്ഞൻ നാളെയുടെ പാട്ടീണങ്ങളുെട പ്രതീക്ഷയാണ്. ശരത്തിന് പിറന്നാൾ ആശംസകൾ.