ഹാരി സ്റ്റൈൽസിന് ഫാഷൻ ഡിസൈനറാകണം

വൺ ഡയറക്ഷൻ ബാൻഡിലെ താരമായ ഹാരി സ്റ്റൈലിന് ഫാഷനിൽ താൽപര്യം. ഒരു ബ്രിട്ടീഷ് വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ പേരിലുള്ള ഫാഷൻ വസ്ത്രങ്ങൾ പുറത്തിറക്കണമെന്ന് ആഗ്രഹമുണ്ടെന്നാണ് താരം പറഞ്ഞത്. എന്നാൽ ഇപ്പോൾ താൻ അതിന് യോഗ്യനാണെന്ന് കരുതുന്നില്ലെന്നും ഭാവിയിൽ താൻ തന്നെ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ പുറത്തിറക്കുമെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

നേരത്തെ തനിക്ക് അഭിനേതാവാകാൻ താൽപര്യമുണ്ടെന്ന് ഹാരി സ്റ്റൈല്സ് പറഞ്ഞിരുന്നു. തന്റെ അഭിനയ മോഹം സഫലീകരിക്കുന്നതിനായി പൾപ്പ്ഫിക്ഷൻ, ദ ലോർഡ് ഓഫ് ദ റിംഗ്സ്, ദ ഏവീയേറ്റർ, കിൽബിൽ, സിൻ സിറ്റി, ദ റീഡർ തുടങ്ങിയ ചിത്രങ്ങളുടെ എക്സീക്യൂട്ടീവ് പ്രൊഡ്യൂസറും, ഷേക്സ്പിയർ ഇൻ ലൗ, മെലീന, ഗ്യാങ്സ് ഓഫ് ന്യൂയോർക്ക് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവുമായ ഹാർവി വെയിൻസ്റ്റൈനെ സ്റ്റൈൽസ് സമീപിച്ചിരുന്നു.

ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്്സ് ഫാക്ടർ 7 ലൂടെ രംഗത്ത് വന്ന വൺ ഡയറക്ഷനിലെ അംഗമാണ് ഹാരി. നാല് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ബോയ്സ് ബാൻഡ് എന്ന സ്ഥാനം കരസ്ഥമാക്കിയ ബാൻഡാണ് വൺ ഡി. 2 ബ്രിട്ട് അവാർഡുകളും 4 എം ടി വി വിഡിയോ മ്യൂസിക് പുരസ്കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു. നിയൽ ഹൊറൻ, ലിയൻ പെയ്ൻ, ലൂയിസ് ടോംലിൻസൺ എന്നിവരാണ് വൺ ഡയറക്ഷൻ ബാൻഡിലെ മറ്റ് അംഗങ്ങൾ.