ലോകത്തിന്റെ കണ്ണുനനയിച്ച ആ പാട്ടു പാടി സയനോരയും രാജലക്ഷ്മിയും

ഒരിക്കൽ പോലും ഈ ഗാനം കേട്ടിട്ട് നമ്മൾ കരയാതിരുന്നിട്ടില്ല. ഹീൽ ദി വേൾഡ്. നെഞ്ചകങ്ങളിലൂടെ എത്രയോ ദശാബ്ദങ്ങളായി നിശബ്ദമായി പാടി കണ്ണുനനയിച്ചു സ‍ഞ്ചരിക്കുന്നു ഈ ഗാനം. കാലാതീതമായ ദുംഖത്തെക്കുറിച്ച് സംഗീത ചക്രവർത്തി സൃഷ്ടിച്ച  എക്കാലത്തേയും സുന്ദരമായ പാട്ട്. ഒരുപാട് അർഥതലങ്ങളുള്ള വരിളും ഭാവാത്മകമായ ആലാപനവും നെഞ്ചുപിടിയുന്ന ദൃശ്യങ്ങളുമുളള പാട്ട.  മൈക്കിൾ ജാക്സണ്‍ അപ്രതീക്ഷിതമായ മരണത്തിനോടൊപ്പം പോയപ്പോൾ ലോകം നെഞ്ചുപൊട്ടി കരഞ്ഞത് ഇതുപോലുള്ള കുറേ സൃഷ്ടികൾകൊണ്ടാണ്. 

ഓരോ കാലഘട്ടങ്ങളിലേയും സംഗീത പ്രതിഭകളേയും അതിശയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഈ പാട്ടാണ് ഇത്തവണ മനോരമ ഓണ്‍ലൈൻ മ്യൂസിക് ഷോട്ടിൽ. പാശ്ചാത്യ സംഗീതത്തിൽ പണ്ടേ പ്രതിഭയറിയിച്ച സയനോരയും അതിനൊപ്പം രാജലക്ഷ്മിയും ചേർന്നു പാടുന്ന പാട്ട്. എന്നെന്നും ഇഷ്ടവും ആരാധനയുമുള്ള പാട്ടിന് അതിമനോഹരമായൊരു കവർ വേർഷനാണ് ഇരുവരും ചേർന്നു ചെയ്തത്. എന്നെന്നും കേൾക്കാൻ കൊതിക്കുന്ന കുറേ മെലഡികളാണ് വിവിധ വേദികളിലൂടെയും സിനിമകളിലൂടെയും രാജലക്ഷ്മി ആലപിച്ചത്. സയനോരയ്ക്കൊപ്പം അതേഭംഗിയോടെയാണ് ഈ ഇംഗ്ലിഷ് ഗാനവും രാജലക്ഷ്മി പാടുന്നത്. തീർത്തും വേറിട്ട രണ്ടു സ്വരങ്ങൾ കാലത്തെ കീഴടക്കിയ പാട്ടിനോട് ഒന്നിനോടൊന്നു സുന്ദരമായി ചേർന്നുനിൽക്കുന്നു.

ലോകമെമ്പാടുമുള്ള അനാഥ ബാല്യങ്ങളുടെ നൊമ്പരങ്ങളും അവർക്കു ചുറ്റുമുള്ള സമൂഹത്തിന്റെ വേദനയുമാണ് ഹീൽ ദി വേൾഡിൽ മൈക്കിൾ ജാക്സണ്‍ പാടിയത്. 1991ൽ റിലീസ് ചെയ്ത ഡെയ്ഞ്ചറസ് എന്ന ആൽബത്തിലേതാണീ പാട്ട്. ഗാനം പുറത്തിറങ്ങിയ ശേഷം കുട്ടികളുടെ നാളേയ്ക്കായി ഹീൽ ദി വേൾഡ് എന്ന സംഘടനയും സംഗീത മാന്ത്രികൻ നിർമ്മിച്ചിരുന്നു. കലയുടെ ക്രിയ്ത്മകതയും ലോകത്തിന്റെ വേദനയും ഒന്നുചേർന്ന ഈ ഇതിഹാസ ഗാനം കേൾക്കാം മറ്റൊരു രീതിയിൽ മനോരമ ഓൺലൈനിലൂടെ.