പ്രിയദർശന്റെ ബ്രഹ്മാണ്ട ചിത്രത്തിന് ഇളയരാജയുടെ സംഗീതം

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ട ചിത്രത്തിൽ ഇളയരാജയുടെ സംഗീതം. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് ഇളയരാജ ചിത്രത്തിന് സംഗീതം പകരുന്ന വിവരം പുറത്തുവിട്ടത്. കാലാപാനിക്ക് ശേഷം പ്രിയദർശനും ഇളയരാജയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.

അസർബൈജാനിലെയും ഇന്ത്യയിലെയും നിർമാണക്കമ്പനികൾ ചേർന്ന് 28 കോടി രൂപ ചെലവഴിച്ച് അഞ്ചു ഭാഷകളിലായാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ചൈന ഉൾപ്പെടെ ലോകമൊട്ടാകെയുള്ള രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയായിരിക്കും. മോഹൻലാൽ ഉൾപ്പെടെ മലയാളത്തിൽ നിന്നു നാലു താരങ്ങളും അസർബൈജാനിലെ 21 താരങ്ങളുമാണ് ചിത്രത്തിൽ വേഷമിടുക. പൂർണമായും റഷ്യയിൽ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഒക്ടോബർ ഒന്നിന് ആരംഭിക്കും.

അസർബൈജാനിലെ റൗഫ് ജി മെഹ്ദിയേവും ഫുൾ ഹൌസ് പ്രൊഡക്ഷന്റെ ജെയ്‌സൺ പുലിക്കോട്ടിലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളം, അസറി, റഷ്യൻ, ടർക്കിഷ്, ചൈനീസ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മലയാളത്തിലും അസറിയിലും ചിത്രീകരിച്ച ശേഷം മറ്റു മൂന്നു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മലയാളം പതിപ്പിന് ഇതുവരെ പേരിട്ടിട്ടില്ല. അന്തിമ വിധി എന്ന് അർഥം വരുന്ന പേരായിരിക്കും മറ്റു ഭാഷകളിൽ നൽകുകയെന്നു പ്രിയദർശൻ പറഞ്ഞു. പ്രിയന്റെ പതിവു സിനിമകളിൽ നിന്നു വ്യത്യസ്തമായി ഈ ചിത്രത്തിൽ തമാശയ്ക്കു വലിയ സ്ഥാനമില്ല. പകരം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആക്ഷൻ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് അറിയുന്നത്. അപർണ ഗോപിനാഥ് ആണ് നായിക.

അമ്മയെ അന്വേഷിച്ചു റഷ്യയിലേക്ക് പോകുന്ന മകളുടെ കഥയാണിത്. മകളായി അപർണയും അവളെ റഷ്യയിലേക്ക് അനുഗമിക്കുന്ന ഭർത്താവായി മോഹൻലാലും വേഷമിടുന്നു. ഇവർക്കു പുറമേ പ്രതാപ് പോത്തനും ശശികുമാറും മാത്രമേ മലയാളത്തിൽ നിന്ന് അഭിനയിക്കുന്നുള്ളൂ. റഷ്യയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ധർ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. സാബു സിറിളായിരിക്കും ചിത്രത്തിന്റെ കലാസംവിധാനം നിർവ്വഹിക്കുക.