സംഗീതമേ ജീവിതം...

ബാലമുരളീ കൃഷ്ണ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്

ബാലമുരളീകൃഷ്‌ണ കന്യാകുമാരിയിലേക്കുള്ള യാത്രയിലായിരുന്നു. കൂടെ മൂന്നു ശിഷ്യർ. തിരുനൽവേലിക്കടുത്തു ശ്രീവല്ലിപേരിയിലെത്തിയപ്പോൾ കാർ നിർത്തി. പുഴ തെളിനീർ ചുരത്തി ഒഴുകുന്നു. കാലും മുഖവും കഴുകി. തിരികെ പുഴയോരത്തു നിന്നു കയറുമ്പോൾ കാൽ അറിയാതെ വേച്ചുപോകുന്നു. വീണ്ടും കാലുറപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇളകിയ മണ്ണിനു താഴെ നിഗൂഢമായി ആരോ തപസു ചെയ്യുന്നതുപോലെ... ഗ്രാമവാസികളോടു കാര്യം പറഞ്ഞു. അവർ സ്‌ഥലം കുഴിച്ചുനോക്കിയപ്പോൾ ഒറ്റക്കല്ലിൽ കൊത്തിയ വലിയൊരു ദേവീവിഗ്രഹം. വൈകാതെ ശ്രീവല്ലിപേരിയിൽ ക്ഷേത്രമുയർന്നു. 

ശ്രീവല്ലിപേരിയിലെ ദേവിക്ഷേത്രം ഇന്നു പ്രശസ്‌തമാണ്. വലിയ നടപ്പന്തലും ഗസ്‌റ്റ് ഹൗസുമെല്ലാം. എന്നാൽ ഇതുകൊണ്ടൊന്നും കഥ തീരുന്നില്ല. ക്ഷേത്ര ഗോപുരത്തിൽ ഭഗവാൻമാർക്കൊപ്പം സാക്ഷാൽ ബാലമുരളീകൃഷ്‌ണയുടെ പ്രതിമയും ഭക്‌തർ സ്‌ഥാപിച്ചു. ബാലമുരളീകൃഷ്‌ണ പിന്നീട് ഇതുവഴി പോയിട്ടില്ല. പക്ഷേ ശിഷ്യരിൽ പലരും ഗുരുവിനെ ക്ഷേത്രത്തിലെത്തി വന്ദിച്ചു. ചിലർ ചിത്രങ്ങളെടുത്തു നൽകി. 

കൊച്ചിയിൽ ഒരു മ്യൂസിക് അക്കാദമിയുടെ ഉദ്‌ഘാടനത്തിനായെത്തിയപ്പോഴായിരുന്നു അദ്ദേഹം സംസാരിച്ചത്. ‘‘വയലിൻ പോലെ ഗിറ്റാർ പോലെ ഞാനും സംഗീതത്തിന്റെ ഉപകരണമാണ്. ഇരുപതിനായിരത്തിലേറെ കച്ചേരികൾ. അറുപതിലേറെ വർഷങ്ങൾ’’. ബാലമുരളീകൃഷ്‌ണ പറഞ്ഞു. 

രണ്ടു സ്വർണമാലകളാണു ബാലമുരളീകൃഷ്‌ണയുടെ കഴുത്തിൽ. ഒന്നു ഷർട്ടിനു പുറത്തേയിടൂ. അതിൽ സംഗീതത്തിന്റെ ദേവൻ ഹനുമാന്റെ പ്രതിമ ലോക്കറ്റായിട്ടിരിക്കുന്നു. ഉള്ളിലിടുന്ന മാലയിൽ കടുവയുടെ പല്ലിൽ രത്നങ്ങൾ കെട്ടിച്ചിട്ടിരിക്കുകയാണ്. മാലകളുടെ വലിയ ശേഖരം തന്നെ ബാലമുരളീകൃഷ്‌ണക്കുണ്ട്. 

ആറാംക്ലാസു വരെ മാത്രമേ ബാലമുരളീകൃഷ്‌ണക്കു സ്‌കൂൾ വിദ്യാഭ്യാസമുള്ളൂ. വട്ടപ്പൂജ്യം മാർക്കു കിട്ടിയപ്പോൾ പൂജ്യം കാണാനെന്തു ഭംഗിയെന്ന് അധ്യാപകനോടു തിരിച്ചുചോദിച്ച കാലത്തെക്കുറിച്ചു പറയുമ്പോൾ കണ്ണിനെ കവർന്നെടുക്കുന്ന ചിരിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.‘‘ആറാംക്ലാസ് വരെ പഠിച്ച എന്റെ പദ്യങ്ങൾ പഠിച്ച് എത്രയോ പേർക്കു ഡോക്‌ടറേറ്റ് ലഭിച്ചു. എനിക്ക് ആറു യൂണിവേഴ്‌സിറ്റികൾ ഡോക്‌ടറേറ്റ് തന്നു. കേരളത്തിലെ യൂണിവേഴ്‌സിറ്റികളൊന്നും പക്ഷേ ഡോക്‌ടറേറ്റ് തന്നിട്ടില്ല.’’ പരിഭവങ്ങളില്ലാതെ ബാലമുരളീകൃഷ്‌ണ പറഞ്ഞു.പത്തോളം സിനിമകളിൽ നാരദന്റെ വേഷത്തിൽ അഭിനയിച്ചിട്ടുള്ള ബാലമുരളീകൃഷ്‌ണയ്‌ക്കു നാരദനിലെ സംഗീതജ്‌ഞനെ ഇഷ്‌ടമാണ്, നാരദനിലെ രാഷ്‌ട്രീയക്കാരനെ പക്ഷേ ഇഷ്‌ടമല്ല. ഇനിയും വീണയുമായി ഒരു റോൾ കിട്ടിയാൽ രണ്ടാമതൊന്നാലോചിച്ചേ സിനിമയിലേക്കുള്ളൂ. ആക്ഷൻ സിനിമകളാണിഷ്‌ടം. 

സെന്റിമെന്റ്‌സ് ജീവിതത്തിലേറെയുള്ളതിനാൽ അതു സിനിമയിൽ കാണാൻ ബാലമുരളീകൃഷ്‌ണക്കിഷ്‌ടമില്ല. സപ്‌തസ്വരങ്ങൾക്കായി ഒരു ക്ഷേത്രം. അതാണു ബാലമുരളീകൃഷ്‌ണയുടെ സ്വപ്‌നം. ചെന്നൈയിൽ സംഗീതസാന്ദ്രമായ ക്ഷേത്രവിശുദ്ധിയുള്ള ഒരിടം. സംഗീതാരാധകർക്ക് അർച്ചനയർപ്പിക്കാൻ ഒരു കോവിൽ.