വിജയ് യേശുദാസിനൊപ്പം ജയസൂര്യയുടെ പാട്ട്

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലെ ഗാനങ്ങളെത്തി. നടൻമാർ പാടുന്ന രീതി ഇവിടെയുമുണ്ട്. ജയസൂര്യയും ടിനി ടോമും ഈ ഗാനങ്ങളിൽ പാടിയിട്ടുണ്ട്. ആകെ രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഗോപീ സുന്ദറും നാദിര്‍ഷയുമാണ് സംഗീതം നൽകിയത്. ചിത്തിര മുത്തേ എന്നു തുടങ്ങുന്ന ഗാനം എഴുതിയത് ബി കെ ഹരിനാരായണൻ. സംഗീതം നൽകിയത് ഗോപീ സുന്ദറും. ചിത്തിര മുത്തേ എന്ന പാട്ട് ഒരു അടിച്ചു പൊളി പാട്ടാണ്. വിജയ് യേശുദാസിനൊപ്പം മൂന്നു പേർ ചേർന്നാണ് ആലാപനം. ഒരാൾ ജയസൂര്യയാണ്. ദിവ്യ എസ് മേനോനും അഫ്സലുമാണ് മറ്റ് രണ്ട് പാട്ടുകാർ. ഹിന്ദി വരികളും കൂടി ചേർന്ന പാട്ടാണിത്. 

രണ്ടാമത്തെ പാട്ടും രസകരം തന്നെ. മധുരിക്കും ഓർമകളേ.,..എന്നു തുടങ്ങുന്ന ഗാനം എഴുതിയതും ഈണമിട്ടതും നാദിർഷയാണ്. നാദിർഷയ്ക്കൊപ്പം അഫ്സലും ടിനി ടോമും ചേർന്നാണ് ആലാപനം.

ബോബൻ സാമുവേൽ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ആഷിഖ് ഉസ്മാനാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, അമല പോൾ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.