ഇതൊരു ഒന്നൊന്നര പുലിയാട്ടം...

ജയറാമേട്ടന്റെ ജുഗൽ ബന്ദി കണ്ടിരിക്കുന്ന ഓം പുരി. സിനിമയിലല്ല, അങ്ങ് മുംബൈയിലോ ചെന്നൈയിലോ ഡൽഹിയിലോ അല്ല...അങ്കമാലിയിലായിരുന്നു. അങ്കമാലിക്ക് അതൊരു പൂരക്കാഴ്ചയായിരുന്നു. അല്ലെങ്കിൽ അതിനുമപ്പുറമെന്തോ...ആടുപുലിയാട്ടമെന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെ കുറിച്ച് അങ്ങനയേ പറയുവാനാകൂ, പുലിയാട്ടം പോലെ തകർപ്പൻ. ആരവാഘോഷത്തോടെ അത് കാണുവാൻ വൻ ആൾക്കൂട്ടം. പ്രതീക്ഷകൾക്കപ്പുറമായിരുന്നു എല്ലാം.

ജയറാമിന്റെ ജുഗൽബന്ദി ഒപ്പം നിന്ന സംഗീതജ്ഞജരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. രതീഷ് വേഗയും ജയറാമിനൊപ്പം വേദി പങ്കിട്ടു. ഇത്രയും വലിയൊരു ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത് രതീഷ് വേഗയ്ക്കൊരു സമ്മാനമായിട്ടാണെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം. അത്രേറെ നല്ല സംഗീതമാണ് തന്റെ ഹൊറർ ചിത്രത്തിന് രതീഷ് വേഗ പകർന്നതെന്ന് സംവിധായകൻ പറയുന്നു. പക്ഷേ അങ്കമാലിയിലെ ജനപക്ഷം ഇത്രത്തോളം അതേറ്റെടുക്കുമെന്ന് കരുതിയേയിരുന്നില്ല ഇവർ. നാലായിരത്തോളം ആളുകളുണ്ടായിരുന്നു വേദിക്കുള്ളിൽ മാത്രം. പുറത്ത് പതിനയ്യായിരത്തോളം പേരും. ഒരു പാട്ടുൽസവം പോലൊരു ഓഡിയോ ലോഞ്ചിന്റെ ത്രില്ലിലാണ് ആടുപുലിയാട്ടത്തിന്റെ അണിയറ പ്രവർത്തകരിപ്പോൾ.

ഓം പുരിയെ സിനിമയിലേക്ക് ക്ഷണിക്കുമ്പോൾ കണ്ണൻ താമരക്കുളമെന്ന സംവിധായകന് ഒരുറപ്പുമില്ലായിരുന്നു അദ്ദേഹം തന്റെ കാമറയിലേക്ക് മുന്നിലേക്കെത്തുമോയെന്ന്. പ്രാദേശിക സിനിമകളിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചിരുന്ന അഭിനയ ഇതിഹാസം ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചറിഞ്ഞതോെട തീരുമാനം മാറ്റുകയായിരുന്നു. ലാളിത്യത്തിന്റെ ആൾരൂപമായി വന്ന് അഭിനയിച്ചു മടങ്ങുകയും ചെയ്തു. പിന്നീടിപ്പോൾ ഓഡിയോ ലോഞ്ചിന്റെ ക്ഷണമറിയിച്ചപ്പോൾ സന്തോഷത്തോടെ യാത്ര തിരിച്ചു. ഞാനില്ലാതെന്ത് ഓ‍ഡിയോ ലോഞ്ച് എന്ന മട്ടിൽ. ഓം പുരി സംവിധായകൻ കമലിന് സിഡി കൈമാറി ഔദ്യോഗിക ചടങ്ങ് പൂർത്തിയാക്കി. കണ്ണൻ താമരക്കുളം പറഞ്ഞു.