നല്ല പാട്ടുകളെ ഇങ്ങനെ കൊല്ലല്ലേ

കെ.ജി.മാർക്കോസ്

പാട്ടു വഴികളിലെ സഞ്ചാരങ്ങൾക്കിടെ മുന്നണികളുടെയും സ്ഥാനാർഥികളുടെയും വോട്ടു വഴികളിലെ രസങ്ങളും ശ്രദ്ധിക്കുന്നുണ്ട് ഗായകൻ കെ ജി മാർക്കോസ്.

ജനിച്ചതു നിരണത്താണ്. ഗവ. സർവീസിൽ ഡോക്ടറായിരുന്നു അച്ഛൻ. അദ്ദേഹം ജോലി ചെയ്തിരുന്ന ഇടങ്ങളിലേക്കുള്ള യാത്രകളായിരുന്നു കുട്ടിക്കാലം മുഴുവൻ വോട്ട് ചെയ്യാനുള്ള പ്രായമായപ്പോൾ കൊല്ലത്തായിരുന്നു താമസിച്ചിരുന്നത്. അങ്ങനെ ആദ്യവോട്ട് കൊല്ലത്ത്. 27 വർഷമായി എറണാകുളം കടവന്ത്രയിലാണു താമസം. വോട്ടു ചെയ്യുന്നതു തൃക്കാക്കരമണ്ഡലത്തിലാണ്.

തിരഞ്ഞെടുപ്പു കാലത്തെ ചില പാരഡികൾ കേൾക്കുമ്പോൾ ദൈവത്തെ വിളിച്ചു പോകുമെന്നു മാർക്കോസ്. ഈയിടെ ഒരു യാത്രയ്ക്കിടെ കാതിലെത്തി വോട്ടു ചോദിച്ചത് എന്നു നിന്റെ മൊയ്തീൻ സിനിമയിലെ ‘ ശാരദാംബരം’ എന്ന ഗാനത്തിന്റെ പാരഡി. മനോഹരമായ ഈണവും വരികളുമുള്ള ഒരു ഗാനത്തെ സ്ഥാനാർഥിയുടെ സ്തുതിയാക്കി മാറ്റിയിരിക്കുന്നു. തിരഞ്ഞെടുപ്പു കാലത്തു ജനപ്രിയ ഗാനങ്ങളുടെ വിധിയോർത്തു നെഞ്ചത്തു കൈവച്ചു പോയി. പുന്നപ്ര വയലാർ സിനിമയിലെ സഖാക്കളെ മുന്നോട്ട് പോലുള്ള പാട്ടുകൾ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന കാലമെല്ലാം ഓർമയിലുണ്ട് അത്തരം പാട്ടുകൾ നിറയെ ആഹ്വാനങ്ങളായിരുന്നു. സമൂഹത്തിനു മുന്നോട്ടു സഞ്ചരിക്കാനുള്ള ഊർജ്ജം പകരുന്നവ.

അർഥവും വ്യാപ്തിയുമുള്ള പാട്ടുകൾക്കു പകരം ഇന്നെല്ലാം ശബ്ദകോലാഹലങ്ങളായി മാറി. ഞാൻ പാടിയ പാട്ടുകളുടെ പാരഡികൾ പ്രചാരണങ്ങളിൽ കേട്ടിട്ടുണ്ടെന്നു സുഹൃത്തുക്കൾ പറയാറുണ്ട്. ഇസ്രായേലിൻ നാഥനായ.. ഏക ദൈവം എന്ന പാട്ടിനു പോലും തിരഞ്ഞെടുപ്പു പാരഡിയുണ്ടത്രേ. ദൈവമേ ഇതെല്ലാം നേരിട്ടു കേൾക്കാൻ ഇടവരാത്തതു ഭാഗ്യം!