കാംബോജി ഇനിയൊരു രാഗം മാത്രമല്ല

യേശുദാസിനൊപ്പം എം ജയചന്ദ്രനും വിനോദ് മങ്കരയും

കാംബോജി ഇനിയൊരു രാഗം മാത്രമല്ല. പ്രൗഡമായ ഒരു പാട്ടുകഥയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഈണവഴിയാണത്. ആത്മാവിൽ മുട്ടിവിളിക്കുന്ന ഈരടികളെഴുതി വച്ച ഒഎൻവിയുടെ ഓർമകളിലേക്കുള്ള വഴി. ദാസേട്ടൻ പാടിയ അവസാന ഒഎൻവി പാട്ടിന്റെ രാഗം.

വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കാംബോജിയെന്ന ചിത്രത്തിലെ പാട്ടുകൾ എഴുതിവച്ചിട്ടാണ് ഒഎൻവി യാത്രയായത്. ആ പാട്ടുകളിലൊന്നിന് ശബ്ദമായത് ഗാനഗന്ധര്‍വൻ യേശുദാസും. പാട്ടിന്റെ റെക്കോർഡിങും പൂർത്തിയായിക്കഴിഞ്ഞു. വയലാർ-ദേവരാജന്‍-ഒഎൻവി കൂട്ടുകെട്ടിൽ വിരിഞ്ഞ എത്രയോ മനോഹര ഗാനങ്ങൾക്ക് ദാസേട്ടൻ ശബ്ദമായിരിക്കുന്നു. ആ ഗണത്തിലെ അവസാനത്തെയാളും കടന്നുപോയപ്പോൾ അദ്ദേഹത്തിന്റെ അവസാന പാട്ടും ദാസേട്ടന് പാടാനായി. കാംബോജിയിലെ ആ ഗാനത്തിന്റെ റെക്കോർഡിങ് സമയത്തെ കുറിച്ച് സംസാരിച്ചപ്പോൾ സംവിധായകൻ വിനോദ് മങ്കര പറഞ്ഞതിങ്ങനെയാണ്...അതൊരു റെക്കോർഡിങ് മാത്രമായിരുന്നില്ല, ഒരു കാലഘട്ടത്തിനെ കുറിച്ചുള്ള ഓർമപ്പെടുത്തലായിരുന്നു. എ ആർ റഹ്മാന്റെ സ്റ്റ്യുഡിയോയിലേക്ക് അദ്ദേഹം വന്നത് ഒരു പാട്ടുപാടിയിട്ട് തിരിച്ചു പറക്കാനായിരുന്നില്ല. ഒരു മണിക്കൂറോളം അദ്ദേഹം സംസാരിച്ചിരുന്നു. ഗായകനായിട്ടായിരുന്നില്ല അദ്ദേഹം വന്നത്. ചെമ്പൈ സ്വാമിയുടെ കീഴിൽ പഠിച്ച കാര്യം മുതൽ ഒരുപാട് ഓർമകൾ പങ്കിട്ട ശേഷമാണ് പാട്ടുപാടാനായി അദ്ദേഹം പോയത്. അദ്ദേഹത്തിന്റെ വാക്കുകളെ കുറിച്ച് വിനോദ് മങ്കര മനോരമ ഓൺലൈനോട് പങ്കുവച്ചു....

വിനോദ് മങ്കര യേശുദാസിനൊപ്പം

ഗുരുക്കൻമാരില്ലാത്ത കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു പാട്ടിനെ കുറിച്ചൊരു സംശയം വന്നാൽ ചോദിക്കാൻ ആരുമില്ലാതായിരിക്കുന്നു. കവിതയുടെ അവസാന വാക്കായിരുന്ന ഒഎൻവി സാറും യാത്രയായിരിക്കുന്നു. ഈ പാട്ട് പാടുവാൻ നിൽക്കുമ്പോൾ എന്റെ മനസിലേക്ക് എന്റെ ഗുരുക്കൻമാരെല്ലാം ഓടിയെത്തുന്നു. അതുകൊണ്ടാണോ എന്നറിയില്ല എനിക്കീ പാട്ടുപാടാൻ ചെറിയൊരു പേടി തോന്നുന്നു. എന്തുകൊണ്ടാണിങ്ങനെയെന്ന് അറിയില്ല. എനിക്ക് കുറേ സമയമെടുത്തേ ഈ പാട്ട് പാടിത്തീർക്കുവാനാകൂ. ഈ പാട്ട് ഞാനെത്ര പാടി നന്നാക്കിയാലും അതെന്റെ ഗുണമായിരിക്കില്ല. എന്റെ ഗുരുക്കൻമാർ ഈ പാട്ട് ഞാൻ പാടുന്നതിന് സാക്ഷിയാണ്. ദാസേട്ടൻ പറഞ്ഞു. വികാരനിർഭരമായിട്ടാണ് റെക്കോര്‍ഡിങിന്റെ ഓരോ നിമിഷങ്ങളും കടന്നുപോയത്. മെലഡി കാലം മലയാള ചലച്ചിത്രത്തിലേക്ക് തിരിച്ചു വരണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. വിനോദ് മങ്കര പറഞ്ഞു.

മരിക്കുന്നതിന് മുൻ‌പ് എനിക്ക് കവിതയെഴുതാനായല്ലോ

കാംബോജിയിലെ പാട്ടിന്റെ രചനയുമായി ബന്ധപ്പെട്ട് വിനോദ് മങ്കരയും എം ജയചന്ദ്രനും ഒഎൻവിയെ സന്ദർശിച്ചപ്പോൾ

അതുപോലെ ദാസേട്ടന്റെ ശബ്ദത്തിലെ ഏറ്റവും മനോഹരമായ ഭാവമായിരുന്നു പാട്ടിലൂടെ കേള്‍ക്കാനായത്. വയസ് കൂടുന്തോറും ശബ്ദത്തിലെ മാധുര്യം കൂടുന്നു. ഹൃദയത്തിൻ മധുപാത്രം എന്ന പാട്ടിലായിരുന്നു ഇതിനു തൊട്ടു മുൻപ് ഗന്ധർവ സ്വരത്തിന്റെ ഭംഗി ഞാൻ അറിഞ്ഞത്. അതിന്റെ ഇരട്ടി മധുരത്തിലായിരുന്നു ഈ പാട്ട് പാടിയത്. കാംബോജി രാഗത്തിലായിരുന്നു പാട്ട് എം ജയചന്ദ്രൻ ചിട്ടപ്പെടുത്തിയത്. അതുകൊണ്ട് തന്നെ സ്റ്റ്യുഡിയോയിലിരുന്ന് അദ്ദേഹത്തിന്റെ ഒരു കച്ചേരി കേൾക്കുന്ന അനുഭവമായിരുന്നു. കാംബോജി രാഗത്തിലെ ഒരുപാട് കീർത്തനങ്ങൾ പാടിയിട്ടാണ് അദ്ദേഹം സിനിമാ ഗീതത്തിലേക്ക് കടന്നത്. ഓരോ വരികൾക്കിടയിലൂടെ രാഗത്തിന്റെ വഴികള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. കാംബോജി പാടുമ്പോൾ ചെറുതായിട്ടൊന്ന് മാറിയാൽ അത് നീലാംബരിയാകാം. അതുകൊണ്ട് വളരെ സൂക്ഷിച്ച് പാടണം. നമുക്കൊരു പിഴവും വരാൻ പാടില്ലെന്നൊക്കെ പറഞ്ഞായിരുന്നു ദാസേട്ടൻ ഓരോ വരിയിലേക്കും തന്റെ സ്വരം പകർന്നത്. വിനോദ് റെക്കോർഡിങ് അനുഭവങ്ങൾ പറഞ്ഞു.

എം ജയചന്ദ്രനെന്ന സംഗീത സംവിധായകനും അതുപോലെ തന്നെ. എല്ലാം മറന്ന് അദ്ദേഹം കുറേ ദിവസമായി ഈ പാട്ടുകളുടെ പുറകേയാണ്. രാജേഷ് വൈദ്യയും തൃപ്പൂണിത്തുറ കൃഷ്ണദാസും ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ നിരയാണ് ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്യുന്നത്. ഈ പ്രതിഭകളൊന്നിച്ച പാട്ടിന് ദൃശ്യങ്ങളൊരുക്കുക എന്ന വലിയ ഉത്തരവാദിത്തവും വെല്ലുവിളിയുമാണ് മുന്നിലുള്ളത്. വിനോദ് മങ്കര പറഞ്ഞു.