കെ.എസ് ചിത്രയെ അത്ഭുതപ്പെടുത്തി ഈ ആലാപനം

കെ.എസ് ചിത്രയുടെ പാട്ട് ഒന്ന് ലൈവായി കേൾക്കാനാകുക, ഒന്നിച്ചു നിന്ന് പാടാനായില്ലെങ്കിലും നമ്മളുെട പാട്ടിനെ കുറിച്ച് അവരിൽ നിന്നൊരു വാക്കു കേൾക്കുക. ഏതൊരു കലാകാരന്റെയും സ്വപ്നമാണിത്. പക്ഷേ ഈ കുഞ്ഞു വാവയ്ക്ക് അങ്ങനെയൊന്നും ചിന്തിക്കാനുള്ള പ്രായമായില്ല. പക്ഷേ നന്നായി പാടാനറിയാം. ചിത്രയുടെ പോലും മനസു കീഴടക്കി ആ ആലാപനം. കെ.എസ് ചിത്ര തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഈ കുഞ്ഞു മോളുടെ പാട്ട് ട്രെൻഡിങ് ആണ് രണ്ടു ദിവസമായി. 

മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന....കെ.എസ് ചിത്രയുടെ എക്കാലത്തേയും മികച്ച മെലഡിയാണ് മിടുക്കിക്കുട്ടി പാടിയത്. സ്വന്തമായി താളം പിടിച്ചാണ് കക്ഷിയുടെ ആലാപനം. കരിമഷി കൊണ്ടുള്ള വലിയ പൊട്ട് കവിളിലും നെറ്റിയിലും തൊട്ട് അതിമനോഹരമായി ചിരിച്ചാണ് പാടുന്നത്. ആ പാട്ടു പോലെ നിഷ്കളങ്കമാണും മുഖവും. ഏതാണീ കുട്ടി എന്നൊന്നും അറിയില്ല. ഇതാര് എന്നറിയാനും കൂടിയാണ് സംഗീത പ്രേമികൾക്കു സമർപ്പിച്ചു കൊണ്ട് ചിത്ര ഫെയ്സ്ബുക്ക് പേജിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തത്. ആരോ ചിത്രയ്ക്ക് അയച്ചു കൊടുത്തതാണിത്. ചിത്ര ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ 12,000ൽ അധികം പ്രാവശ്യമാണു ഷെയർ ചെയ്യപ്പെട്ടത്. 

നഖക്ഷതങ്ങൾ എന്ന ചിത്രത്തിലേതാണീ പാട്ട്. ഒഎൻവി കുറുപ്പ് എഴുതി ബോംബെ രവി ഈണമിട്ട പാട്ടിന് ചിത്രയെ തേടി ദേശീയ ചലച്ചിത്ര പുരസ്കാരവും എത്തിയിരുന്നു.