കണ്ണന് ഈ ഗാനം സമര്‍പ്പിക്കുന്നു: എം ജയചന്ദ്രന്‍

ന്യൂജനറേഷൻ യുഗത്തിലും മെലഡിയുടെ മനോഹാരിത കൈവിടാത്ത സംഗീതസംവിധായകനാണ് എം ജയചന്ദ്രൻ. മലയാളിക്ക് ഓർമ്മചെപ്പിൽ സൂക്ഷിക്കാൻ നിരവധി ഗാനങ്ങൾ നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ വകയായ് മറ്റൊരു മനോഹരഗാനം കൂടി എത്തിയിരിക്കുന്നു. കാത്തിരുന്ന് കാത്തിരുന്ന് എന്ന് തുടങ്ങുന്ന ഗാനം എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലേതാണ്. തന്റെ സ്വപ്‌നസാക്ഷാത്കാരമാണീ ഗാനം എന്നാണ് എം ജയചന്ദ്രൻ ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. താൻ ഏറ്റവും അധികം കാത്തിരുന്ന പാട്ടും ഇതുതന്നെയാണെന്ന് അദ്ദേഹം പറയുന്നു. അന്തരിച്ച കീബോര്‍ഡ് കലാകാരന്‍ കണ്ണന്‍ സൂരജ് ബാലന്‌ ഈ ഗാനം സമര്‍പ്പിക്കുന്നതായി എം ജയചന്ദ്രന്‍ തന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്ന ശ്രേയ ഘോഷാലും സംഗീതസംവിധായകൻ എം ജയചന്ദ്രനും ഗാനത്തിന്റെ അണിയറപ്രവർത്തകരുമാണ് കാത്തിരുന്ന് കാത്തിരുന്ന് എന്ന വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റഫീഖ് അഹമ്മദാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

ആരെയും കൊതിപ്പിക്കുന്ന പ്രണയകഥയാണ് കാഞ്ചനമാലയുടേയും മൊയ്തീന്റേയും. 1960കളിൽ മുക്കത്ത് സുൽത്താൻ എന്ന് അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്തീൻ സാഹിബിന്റെ മകൻ മൊയ്തീനും രാഷ്ട്രീയസാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. കാമുകനുവേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ കാത്തിരിക്കുന്ന കാഞ്ചനമാലയും മൊയ്തീന്റേയും പ്രണയകഥ സമാനതകളില്ലാത്തതാണ്. അക്കാലത്ത് മതത്തെ അവഗണിച്ച് ഒരുമിച്ച് ജീവിക്കാനാഗ്രഹിച്ച കാഞ്ചനയുടേയും മൊയ്തീന്റേയും വിധി മറ്റൊന്നായിരുന്നു.

1982 ജൂലൈ 15ന് പുഴയിൽ മുങ്ങി മരിച്ച മൊയ്തീന്റെ വിധവയായാണ് കാഞ്ചനമാല ഇന്നും ജീവിക്കുന്നത്. കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയം ചലചിത്രമാകുമ്പോൾ പാർവ്വതി മേനോനും പൃഥ്വിരാജുമാണ് നായികാനായകന്മാരായി എത്തുന്നത്. കാഞ്ചനമാലയുടെ പ്രണയജീവിതം ആധാരമാക്കി ജലം കൊണ്ട് മുറിവേറ്റവൾ എന്ന ഡോക്യുമെന്ററി ഒരുക്കിയ ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ.

ടോവിനോ തോമസ്, ബാല, സായ്കുമാർ, ശശി കുമാർ, ലെന, സുധീർ കരമന, ശിവജി ഗുരുവായൂർ, കലാരഞ്ജിനി, സുരഭി, സാനിയ അയ്യപ്പൻ, ഇന്ദ്രൻസ്, സിജ റോസ്, ദേവി അജിത്ത് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എം ജയചന്ദ്രനെ കൂടാതെ രമേശ് നാരായണനും ചിത്രത്തിലെ ഗാനത്തിന് ഈണം പകരുന്നുണ്ട്. ഗോപിസുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ന്യൂടൺ മൂവീസിന്റെ ബാനറിൽ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ്, ഡോ. സുരേഷ് കുമാർ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 18 ന് തീയേറ്ററിലെത്തും.