ഇതാണ് യഥാര്‍ഥ കബാലി

വികാര തീക്ഷ്ണമായ കബാലിയുടെ ജീവിതം പാടിയ ഗാനം മായാ നദിയുടെ വിഡിയോ എത്തി. കബാലി എന്ന ചിത്രത്തിലെ നിർണായകമായൊരു സംഭവത്തിന്റെ ദൃശ്യവൽക്കരണമാണീ ഗാനം. ഹീറോയിസത്തിനപ്പുറമുള്ള ജീവിതത്തെ കുറിച്ചുള്ള പാട്ട്. ദൃശ്യങ്ങളിലെ കബാലിയേയും രാധികാ അപ്തയേയും നമുക്കേറെ ഇഷ്ടമാകുകയും ചെയ്യും. ഇതുവരെ കണ്ട ചിത്രങ്ങളിലെ രജനീകാന്തിനെയല്ല കബാലിയിൽ കാണുന്നതെന്നു പറയുന്നതെന്തുകൊണ്ടെന്നും ഈ പാട്ടു പറഞ്ഞുതരും. 

സ്നേഹസമ്പന്നനായ കബാലിയെ കുറിച്ചുള്ള പാട്ട്. ഉമാ ദേവിയുടെ വരികൾക്ക് സന്തോഷ് നാരായണൻ ഈണമിട്ട് അനന്തുവും പ്രദീപ് കുമാറും ശ്വേതാ മോഹനും ചേർന്നാലപിച്ച പാട്ടാണിത്. ബാസും പുല്ലാങ്കുഴലും അകൗസ്റ്റിക് ഗിത്താറുമൊക്കെ ചേർന്നൊരുക്കുന്ന ഓർക്കസ്ട്ര ഒരേസമയം മെലോഡിയസും തീവ്രവുമാകുന്നു.

രജനീകാന്ത് ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. യുട്യൂബിൽ റെക്കോർഡുകൾ ഭേദിച്ചു മുന്നേറിയ പാട്ടുകൾക്കെല്ലാം തകർപ്പൻ കവർ വേർഷനുകളുമുണ്ടായിരുന്നു.