ചിരിപ്പിക്കുന്ന ദൃശ്യങ്ങളുമായി കാളിദാസന്റെ ഗാനം

നഗരത്തിൽ അടിച്ചു പൊളിക്കുകയാണ് കാളിദാസ് ജയറാം. ഈ ദൃശ്യങ്ങളുമായാണ് മീൻ കൊഴമ്പും മൺ പാനൈയും എന്ന ചിത്രത്തിലെ ഒരു ഗാനമെത്തിയിരിക്കുന്നത്. പാട്ട് കേൾക്കുവാൻ ഏറെ രസം, കാണുമ്പോൾ ചിരിയും വരും. ചടുലവും വ്യത്യസ്തവുമായ നൃത്തച്ചുവടുകളും യുവത്വത്തിന്റെ ചെറിയ ചെറിയ കുസൃതികളുമൊക്കെയാണു പാട്ടിനൊപ്പമുള്ള ദൃശ്യങ്ങളിൽ. ഇമ്മാന്റെ സംഗീത സംവിധാനത്തിലെത്തിയ പാട്ടിനു വരികൾ മഥൻ കർക്കിയുടേതാണ്. 

നടൻ പ്രഭുവിന്റെ മകനായാണ് കാളിദാസ് അഭിനയിക്കുന്നത്. ബാലതാരത്തില്‍ നിന്നു നടനായി മാറിയ ഈ താരപുത്രന്റെ ചിത്രം നേരത്തെ തന്നെ ചർച്ചകളിലിടം നേടിയിരുന്നു. അഷ്ന സവേരിയും പൂജാ കുമാറുമാണ് മറ്റു നായികമാർ. അമുദേശ്വർ സംവിധനം ചെയ്ത് ദുഷ്യന്ത് രാംകുമാർ നിർമ്മിക്കുന്ന ചിത്രം ഈ മാസം 11നു റിലീസിനെത്തും.