രാഗമഴയായി കാംബോജി എത്തി

രാഗമഴയായി കാംബോജിയിലെ പാട്ടുകളെത്തി. സംഗീതത്തിന്റെയും എഴുത്തിന്റെയും ലോകത്തെ പ്രതിഭകൾ ഒന്നിച്ച ഗാനങ്ങൾ കേൾക്കുവാൻ ഏവരും കാത്തിരിക്കുകയായിരുന്നു. ഒഎൻവി കുറുപ്പ് ഏറ്റവുമൊടുവിൽ പാട്ടുകളെഴുതിയ ചലച്ചിത്രം കൂടിയാണിത്. അതുതന്നെയാണു കാംബോജിയുടെ ഏറ്റവും വലിയ പ്രസക്തിയും.

സംഗീതത്തിന്റെയും നൃത്തത്തിന്റെയും സമന്വയമുള്ള ചിത്രത്തിലെ ഗീതങ്ങൾക്കു ഈണം ചിട്ടപ്പെടുത്തിയത് എം ജയചന്ദ്രനാണ്. ജയചന്ദ്രന്‍ മലയാളത്തിനു സമ്മാനിച്ച ഏറ്റവും മികച്ച പാട്ടുകളുടെ കൂട്ടത്തിൽ തന്നെയാണു കാംബോജിയ്ക്കും ഇനി ഇടം. യേശുദാസ്, കെ.എസ് ചിത്ര, ബോംബെ ജയശ്രീ, ശ്രീവൽസൻ ജെ മേനോൻ, തുടങ്ങിയവരുടെ സ്വരങ്ങളിലുള്ള പാട്ടുകൾ നേരത്തെ തന്നെ സംഗീത ലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. പ്രതീക്ഷകൾക്കൊത്ത മനോഹരമായ ഗാനങ്ങൾ തന്നെയാണു സിനിമയിലുള്ളത്.

ഒമ്പതു പാട്ടുകളാണു ചിത്രത്തിലുള്ളത്. ഇതിൽ നാലെണ്ണമാണു ഒഎൻവി കുറുപ്പു കുറിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് മങ്കരയും ഒരു പാട്ടെഴുതിയിട്ടുണ്ട്. ഗോപാലകൃഷ്ണ ഭാരതിയാണു മറ്റൊരെണ്ണത്തിനു തൂലിക ചലിപ്പിച്ചത്. ബാക്കിയുള്ള ഗാനങ്ങളെല്ലാം പരമ്പരാഗതമായി കൈമാറി വന്നവയും.  കോട്ടക്കൽ മധു, നന്ദിനി, കലാനിലയം സിനു, എന്നിവരാണു മറ്റു ഗായകർ. വിനീതും ലക്ഷ്മി ഗോപാലസ്വാമിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ലക്ഷ്മി എം പത്മനാഭനാണു സിനിമ നിർമ്മിക്കുന്നത്.