കാറ്റുമ്മേൽ പറന്ന് നേരെ ബോളിവുഡിലേക്ക്!

സാൾട്ട് മാംഗോ ട്രീയെന്ന ചിത്രത്തിലെ കാറ്റുമ്മേല്‍ എന്ന് തുടങ്ങുന്ന പാട്ടിന് ഈണമിട്ട ഹിഷാം അബ്ദുൽ വഹാബ്. ചലച്ചിത്ര സംഗീത സംവിധായകനായുള്ള തുടക്കം ഗംഭീരമാക്കിയ ഹിഷാം ഒരു ഹിന്ദി ചിത്രത്തിനാണ് അടുത്തതായി ഈണമൊരുക്കുന്നത്. മോളിവുഡിൽ നിന്ന് ബോളിവുഡിലേക്കുളള ഹിഷാമിന്റെ യാത്ര മേരേ ഇന്ത്യ എന്ന ചിത്രത്തിലൂടെയാണ്.

ബാല്യങ്ങളുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള ചിത്രത്തിലെ പാട്ടുകളെല്ലാം ഹിഷാം തയ്യാറാക്കിക്കഴിഞ്ഞു. ഹിന്ദിയിലും തമിഴിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ പ്രതീഷ് ദീപുവാണ്. ആൻമേരി ക്രിയേഷൻസിന്റേതാണ് നിർമാണം. പാട്ടിന്റെ ഹിന്ദി വരികൾ മെഹ്ബൂബും തമിഴിലേത് മുത്തു കുമാറുമാണ് രചിക്കുന്നത്.

റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പരിചിതനായ ഹിഷാം അതിനു മുൻപേ പ്രവാസ ലോകത്ത് തന്റെ പ്രതിഭയറിയിച്ചിരുന്നു. സംഗീത സംവിധാനത്തിൽ ഹിഷാമിന്റെ തുടക്കം മേരി ദുവായെന്ന വീഡിയോ സോങിലൂടെയായിരുന്നു. പിന്നീട് പതിനൊന്നു പാട്ടുകളടങ്ങിയ ഖദം ബദ്ഹായെന്ന ആൽബമിറക്കി.

സൗണ്ട് എഞ്ചിനീയറിങ് ബിരുദധാരിയായ ഹിഷാം ലോക പ്രശസ്ത സംഗീതജ്ഞൻ സാമി യൂസഫിന്റെ ശിഷ്യനാണ്. സംഗീതജ്ഞനായും സംഗീതജ്ഞനായും സാമി യൂസഫിനൊപ്പം നിരവധി ലൈവ് ഷോകളിലും ആൽബങ്ങളിലും പങ്കെടുത്തിട്ടുണ്ട് ഹിഷാം. സാങ്കേതിക വിദ്യയും സംഗീതവുമായി പുതിയ ഈണക്കൂട്ടുകൾ തേടുന്ന ഹിഷാമിന്റെ കരിയറിലെ വലിയ കാൽവയ്പാണ് മേരേ ഇന്ത്യ.