കുട്ടനാടൻ പുഞ്ചയ്ക്കൊരു യൊ യൊ വേർഷൻ!

കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ...ഒരു നാടിന്റെ കലാ സംസ്കാരത്തെ കുറിച്ചുള്ള പാട്ടാണ്. ഒരു വഞ്ചിപ്പാട്ട്. ആദ്യം കേട്ട് കാലമിത്രയേറെ കടന്നുപോയിട്ടും ഇന്നും മനസിനുള്ളിൽ ഈ പാട്ടിന്റെ ഈണമുണ്ട്. ലോകത്തെവിടെ പോയാലും നാടിന്റെ ഓർമ വന്നാൽ അവർ താളംപിടിക്കുന്നതും ഈ പാട്ടിനു തന്നെ. വാഷിങ്ടണിൽ നിന്നെത്തി ഈ പാട്ടിന്റെ റീമിക്സ് വിദ്യ പാടിയതും ഒരുപക്ഷേ അതുകൊണ്ടാകും.

പുതിയ കാലത്തിന്റെ ഈണവഴികൾക്കനുസരിച്ച് പലരും പലതവണ കുട്ടനാടിലെ പുഞ്ചപ്പാടങ്ങളുടെ പാട്ടിന് പുതുരൂപം നൽകിയിട്ടുണ്ട്. അക്കൂട്ടത്തിലേക്കിതാ ഈ പാട്ടും. കുട്ടനാടൻ പുഞ്ചയ്ക്കൊരു യൊ യൊ വേർഷൻ. വാഷിങ്ടണിലെ മലയാളി ഗായിക വിദ്യയും സംഘവും തയ്യാറാക്കിയ കുട്ടനാടൻ പുഞ്ചയുടെ റീമിക്സ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു. ഇന്നലെ യുട്യൂബിലെത്തിയെ വീഡിയോ ആയിരങ്ങളാണ് കണ്ടത്. കുട്ടനാടൻ പുഞ്ചയ്ക്കൊപ്പം വിദ്യ എഴുതി ചേർത്ത ഇംഗ്ലിഷ് വരികളും ചേർന്ന റീമിക്സ്.

പാട്ടിലെ ദൃശ്യങ്ങൾക്ക് ശ്രീദേവിയും ശ്രീനിധിയും ചേർന്ന് ചിലങ്കകെട്ടി ചേലു പകർന്നപ്പോൾ ജോമി ജോർജും ശങ്കർ ടക്കറും വാദ്യോപകരണങ്ങളിലൂടെ താളം പകർന്നു. ലളിതമായ നൃത്തച്ചുവടുകളുമായി വിദ്യയും വീഡിയോയിൽ പാടിയഭിനയിക്കുന്നു. തലയാട്ടി നിൽക്കുന്ന തെങ്ങോലത്തുമ്പും താളത്തിലൊഴുകി പേരറിയാത്ത പുഴയും ആ ഭംഗി കൂട്ടി. ശങ്കർ ടക്കറും വിദ്യയും ചേർന്നാണ് ഇംഗ്ലീഷ് വരികളെഴുതിയത്. അമേരിക്കൻ ഭാഷയുടെ അംശമുള്ള മലയാളം ഉച്ഛാരണമാണെങ്കിലും കേൾക്കാൻ രസമുണ്ട്.

ശങ്കർ ടക്കറാണ് വീഡിയോയുടെ നിർമാണം. കുട്ടനാടൻ പുഞ്ചയുടെ താളവും അതിനൊപ്പം ഇംഗ്ലീഷ് ഭാഷയിലെ വരികളും താളവും ചേർന്ന പാട്ട് റീമിക്സുകൾ കേൾക്കാനിഷ്ടമുള്ള കാതുകളെ കീഴടക്കുമെന്നുറപ്പ്. കാരണം നിത്യഹരിതമായ വഞ്ചിപ്പാട്ടിന്റെ ആത്മാവിനെ വിട്ടുകളയാതെയാണ് വിദ്യയും സംഘവും പാട്ടൊരുക്കിയിരിക്കുന്നത്.