ലെനാർഡ് കൊയനും മോഹൻലാലിന്റെ പ്രണയവും

നമ്മളും നമുക്കു തൊട്ടു മുൻപുള്ള തലമുറകളും കേട്ടു വളർന്ന പാട്ടുകാരിലൊരാളാണ് ലെനാര്‍ഡ് കൊയൻ. എഴുത്തിന്റെയും ഈണത്തിന്റെയും ലോകത്ത് കുറേ കൊല്ലങ്ങൾ സഞ്ചരിച്ച ശേഷം കൊയൻ മടങ്ങുമ്പോൾ‌ ഓർ‌മകളിലേക്കെത്തുകയാണ് അദ്ദേഹത്തിന്റെ പാട്ടുകളൊരുക്കിയ ചില നല്ല അനുഭവങ്ങൾ. പ്രണയം എന്ന മോഹൻലാൽ ചിത്രത്തിലെ ഒരു രംഗം അത്തരത്തിലൊന്നാണ്. വാക്കുകൾക്കപ്പുറമുള്ള പ്രണയാനുഭൂതിയുടെ ആഴങ്ങളെ ആവിഷ്കരിച്ച ചിത്രത്തിൽ നിന്ന് നമ്മൾ സ്നേഹത്തോടെ കണ്ട രംഗങ്ങളിലൊന്നിനു സംഗീത സ്പർശമേകുന്നത് കൊയന്റെ പാട്ടാണ്.

ഓർമ്മയില്ലേ..മാത്യൂസ് തന്റെ പ്രിയപ്പെട്ട ഗ്രേസിനു പാടിക്കൊടുക്കുന്ന പാട്ട്. ഗ്രേസിനോട് എപ്പോഴും അയാൾക്കു പറയാനുള്ളതും അതു മാത്രമായിരുന്നു. ഐ ആം യുവർ മാൻ എന്ന ഗാനം. കൊയെൻ എന്ന ഇതിഹാസത്തിന്റെ ഈ പാട്ട് മോഹൻലാൽ എന്ന അഭിനയ കുലപതിയുടെ സ്വരത്തിലൂടെയാണ് നമ്മൾ അന്നു കേട്ടത്. ഇന്നും നമ്മൾ പ്രണയിക്കുന്ന ‌മലയാള ചലച്ചിത്ര രംഗങ്ങളിലൊന്നായി അതു മാറിയതും ഈ പാട്ടിന്റെ ഭംഗി കൊണ്ടു കൂടിയാണ്.

നവ സംഗീതത്തിലേക്കുള്ള കൊയനിന്റെ ചുവടുവയ്പ്പായിരുന്നു ഈ പാട്ട്. 1988ലാണ് ഐ ഐം യുവർ മാൻ എന്ന ആൽബം പുറത്തിറങ്ങിയത്. എഴുത്തും ആലാപനവും സംഗീതവുമെല്ലാം കൊയെൻ തന്നെ.