മക്കൾ കൺനിറയെ കാണുക അമ്മമനസിനായുള്ള ഈ പാട്ട്

നര ബാധിച്ചൊരു കിടക്കയിൽ കണ്ണീരുപ്പുള്ള ഓർമകളുമായി ജീവിക്കുന്നൊരാൾ. ആ കണ്ണുകളിലെ ദൈന്യതയും കാലം മുഖത്ത് വരച്ചിട്ട ചുളിവുകളും തലമുടിയിൽ ചേർത്ത വെള്ളിനൂലുകളും അവരുടെ മനസിനുള്ളിലെ വിങ്ങലിനെ കൂടുതൽ പുറത്തുകാട്ടി. ഇതൊരു അമ്മചിത്രമാണ്. ആ ചിത്രത്തിൽ സന്തോഷത്തിന്റെ ഒരു തരി പോലുമില്ലാത്തതിനു കാരണവും അതുതന്നെയായിരുന്നു. അവരൊരു അമ്മയായിരുന്നുവെന്നത്. ആരോ കെട്ടിപ്പൊക്കിയ വൃദ്ധ സദനത്തിൽ മകൻ ഉപേക്ഷിച്ചു പോയ അമ്മ. ദൈവം തന്ന സമ്മാനമായി മകനെ കണ്ട് ഓമനിച്ചു വളർത്തി, ഒടുവിൽ ആ മകന്റെ ജീവിതത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന അമ്മ. വികാരതീക്ഷ്ണമായ രംഗങ്ങളിലേക്ക് അഭിനയത്തിന്റെ പ്രതിഭയറിച്ച സറീന വഹാബെന്ന നടിക്ക് ആ അമ്മചിത്രം കൂടുതലിണങ്ങുന്നു.

വഴിയോരങ്ങളിൽ അമ്പലത്തിണ്ണകളിൽ അമ്മമാരുപേക്ഷിക്കപ്പെടുന്ന കാലത്തെ കുറിച്ച് മുൻപും ഒരുപാട് മ്യൂസിക്കൽ വിഡിയോസ് വന്നിട്ടുണ്ട്. പക്ഷേ ഏഴു മിനുട്ട് മുപ്പത് സെക്കൻഡ് ദൈർഘ്യമുളള ഈ വിഡിയോ ഒരു അമ്മ ജീവിതത്തിന്റെ എല്ലാ തലങ്ങളേയും ഹൃദ്യമായി സംഗീതാത്മകമായി കോർത്തിണക്കിയിരിക്കുന്നു. അമ്മയുടെ ഉമ്മപോലെ സുഖമുള്ളൊരു ഗീതത്തിന്റെ അകമ്പടിയെ പോലെ. കിടക്കക്കരികെ മകന്റെ കുഞ്ഞിലത്തെ ചിത്രം ചേർത്തുവച്ച് അവനെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന ആ മുഖത്തൊരിക്കൽ പോലും അവനോടൊരു വെറുപ്പ് തെളിയുന്നില്ല. അമ്മമനസിന്റെ പുണ്യം പറയുന്ന ദൃശ്യങ്ങളും പാട്ടും കൺമുന്നിൽ നിന്ന് സ്വയം സംസാരിക്കുന്നൊരു കഥ പോലെ ശക്തം. അമ്മ ജീവിതത്തിന് സമർപ്പിച്ചുകൊണ്ടുള്ള വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് രജിത് മേനോനാണ്. രഞ്ജിത് ഉണ്ണിയുടേതാണ് ഈണം. ശ്വേതാ മോഹനാണ് പാടിയത്. വിനോദ് ഇല്ലമ്പള്ളിയുടെ കാമറ. ശ്യാം ശശിധരനാണ് അമ്മയെന്നാലെന്താണെന്ന് ഉപേക്ഷിക്കപ്പെടുമ്പോൾ ആ മനസിന്റെ നോവെന്തെന്ന് മനസിലാക്കിതരുന്ന ദൃശ്യങ്ങളെ കൃത്യമായി മിനുട്ടുകൾക്കുള്ളിലേക്ക് അടുക്കിവച്ച എഡിറ്റർ.

സാങ്കേതിക വിദ്യ എത്രതന്നെ വളർന്നാലും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ജോലി നേടിയാലും സ്നേഹത്തിന് പകരം മറ്റൊന്നില്ലെന്നും. അത് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വിടവ് നികത്താൻ ഈ ലോകത്ത് മറ്റൊന്നിനും കെൽപ്പില്ലെന്നും പറയുന്ന വിഡിയോ പുതിയ കാലത്തെ നോക്കിയാണ് സംവദിക്കുന്നത്. ഏകാന്തത മാത്രം നിഴലിക്കുന്ന ഒരിടത്തേക്ക് അമ്മയെ വലിച്ചെറിഞ്ഞ് ജോലിയുടെയും പ്രണയിനിയുടെയും മാത്രം ഭാഗമായി തീർന്ന മകന്റെ അമ്മയെ കുറിച്ചുള്ള വിഡിയോ കണ്ടുകഴിയുമ്പോൾ കണ്ണിനുള്ളിൽ കണ്ണീര് സ്നേഹത്തിന്റെ മഴവില്ലൊരുക്കിയില്ലേ. പെട്ടെന്നമ്മയെ കാണമെന്ന് ആ തലമുടിത്തുമ്പിലൊന്നു തൊടണമെന്ന് തോന്നിയില്ലേ...