മദനപ്പൂങ്കനി തേനാണേ പൊന്നാനി...

പണ്ടെങ്ങോ കേട്ടൊരു ഗാനം. എന്നോ സൂക്ഷിച്ചുവച്ചൊരു അപ്പുപ്പൻ താടി പോലെ സ്നേഹിക്കുന്ന പാട്ട്. പുതിയ സിനിമകളിൽ പുതിയ താളത്തിൽ പുതിയ ദൃശ്യങ്ങളിൽ ആ ഗാനം പുനരവതരിപ്പിക്കപ്പെടുമ്പോൾ കേൾക്കാനും നല്ല ചേലുണ്ടാകും. കിസ്മത് എന്ന സിനിമയിലെ ഈ പാട്ടു പോലെ. മൊയിൻകുട്ടി വൈദ്യർ രചിച്ചതാണീ പാട്ട്. കേട്ടു കേട്ടു മനസിൽ പതിഞ്ഞ ഗാനത്തിനു ഓർക്കസ്ട്ര ഒരുക്കിയത് സുമേഷ് പരമേശ്വറും. പൊന്നാനിയുടെ യാത്രകളേയും രുചികളേയും പരമ്പരാഗത്വത്തേയും വിശ്വാസങ്ങളേയും ഈ പാട്ടിനു ദൃശ്യങ്ങളായി പകർന്നപ്പോൾ ചിത്രത്തിന്റെ പ്രമേയം പോലെ തീവ്രമാകുന്നു. 

പൊന്നാനിയില്‍ നടന്നൊരു പ്രണയ കഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് കിസ്മത്. ഒന്നിക്കാനാകാതെ പോയൊരു പ്രണയ കഥ നടന്ന നാടിന്റെ കാഴ്ചകളെ കുറിച്ചാണീ പാട്ട്. യഥാർഥ പൊന്നാനിയുടെ ചിത്രങ്ങളും വരികളുമൊന്നിച്ച പാട്ടിനു നല്ലളം കബീറിന്റെ സ്വരത്തിൽ കേൾക്കുവാൻ ഏറെ മനോഹരം. ചിത്രത്തിലെ മറ്റു പാട്ടുകളും ഏറെ വ്യത്യസ്തവും സുന്ദരവുമായ മെലഡികളായിരുന്നു. ഷാനവാസ് കെ.ബാവുട്ടി സംവിധാനം ചെയ്ത സിനിമയിൽ ശ്രുതി മേനോനും ഷെയിൻ നിഗവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.