'എ' ഗ്രേഡുമായി സംസ്ഥാന പുരസ്കാരം നേടിയ ഗായിക: മധുശ്രീയ്ക്കിത് അവസാന ഊഴം

സംസ്ഥാന സ്കൂൾ കലോത്സവ വേദികൾ ഒരുപാട് അഭിനയ-സംഗീത പ്രതിഭകളെ സിനിമയ്ക്കു നൽകിയിട്ടുണ്ട്. മഞ്ജു വാര്യറും കാവ്യാ മാധവനും ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ കലോത്സവത്തിൽ മാറ്റുരയ്ക്കുന്ന കാഴ്ചയും കാലം കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ മധുശ്രീ നാരായണൻ എന്ന ഗായിക എത്തിയത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷമാണ്.

സംസ്ഥാന സ്കൂൾ കലോത്സവത്തിനായി മനോരമ ഓൺലൈൻ തയ്യാറാക്കിയ സ്പെഷ്യൽ പേജ് കാണാം

തിരുവനന്തപുരം കാർമൽ ഹയർ സെക്കൻ‍ഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ് മധുശ്രീ. പ്രശസ്ത സംഗീത സംവിധായകൻ രമേശ് നാരായണന്റെ മകൾ. ലളിതഗാനം സംഘഗാനം ശാസ്ത്രീസംഗീതം, ഗസല്‍ എന്നീ നാലു ഇനങ്ങളിലാണ് മധുശ്രീ മത്സരിക്കുന്നത്. കലോത്സവത്തിലെ സ്ഥിരം സാന്നിധ്യമാണ് ഈ മിടുക്കി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ലളിതഗാനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പിന്നീടുവന്ന കലോത്സവങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നല്‍കുന്നത് നിർത്തലാക്കിപ്പോൾ ഗ്രേഡ് ആണ് എപ്പോഴും ഈ മിടുക്കി നേടിയിട്ടുള്ളത്. ഇത്തവണയും അങ്ങനെ തന്നെ.

അവസാന കലോത്സവമായതു കൊണ്ടുതന്നെ നന്നായി പാടാൻ സാധിക്കണം എന്നേ ആഗ്രഹിച്ചിരുന്നുള്ളൂലളിതഗാനം പാടിക്കഴിഞ്ഞപ്പോൾ മധുശ്രീ ഏറെ സന്തോഷത്തോടെയാണ് അടുത്തെത്തിയത്. മധുശ്രീയുടെ അമ്മയും സംഗീത അധ്യാപികയുമായ ഹേമ പറഞ്ഞു. കണ്ണൂരിലെ ആളുകളൊക്കെ വലിയ സ്നേഹമാണ്. കലോത്സവത്തിനെത്തിയ കുട്ടികളും മധുശ്രീയോട് ഏറെ സ്നേഹത്തോടെയാണ് സംസാരിച്ചതും. അവർ പറഞ്ഞു.

അച്ഛൻ ചിട്ടപ്പെടുത്തിയ പാട്ടിനാണ് സംസ്ഥാന പുരസ്കാരം ലഭിച്ചതും ഇപ്പോൾ സ്കൂൾ കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ ഏ ഗ്രേഡ് സ്വന്തമാക്കിയതും. ഇടവപ്പാതി എന്ന ചിത്രത്തിലെ പശ്യതി ദിശി ദിശി എന്ന പാട്ടാണ് മധുശ്രീയെ സംസ്ഥാന പുരസ്കാരത്തിന് അർഹയാക്കിയത്. അടുത്തിടെ കാപ്പിരിത്തുരുത്ത് എന്ന ചിത്രത്തിൽ വിജയ് യേശുദാസിനൊപ്പം പാടിയ ചെറുപ്പത്തിൽ നമ്മൾ രണ്ടും എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.