ആരോ മൂളിയൊരീണം; സിന്ദൂര ചന്തമുള്ള പാട്ടുമായി ഔസേപ്പച്ചൻ

മെലഡികള്‍ തന്നെയാണ് എക്കാലവും കേൾവിക്കാരുടെ മനസ്സിൽ കൂടുകൂട്ടുന്നത്. ആരോ മൂളിയൊരീണം കാറ്റിൽ എന്ന ഗാനവും ഇനി അക്കൂട്ടത്തിലാണ്. ഔസേപ്പച്ചൻ ഈണം പകർന്ന മറ്റൊരു മനോഹരമായ മെലഡി. മഴനീർത്തുള്ളികൾ എന്ന ചിത്രത്തിലേതാണീ ഗാനം. മഴയുടെ താളം പോലെ ആർദ്രവും ആഴമുള്ളതുമായ ഗാനം. ബിന്നി കൃഷ്ണകുമാറും ശ്വേത മോഹനും വിജയ് യേശുദാസ് ചേർന്നു പാടിയ പാട്ട്. മോഹൻ കുമാർ ഐഎഎസിന്റേതാണു പാട്ടെഴുത്ത്. 

നെറ്റിത്തടത്തിൽ നിന്നൊഴുകിയിറങ്ങുന്ന സിന്ദൂരപ്പൊട്ടു തീർത്ത ഛായാചിത്രങ്ങൾ പോലെ മനോഹരമായ ദൃശ്യങ്ങളാണു പാട്ടിനൊപ്പം. പെണ്ണഴകിന്റെയും പ്രണയാർദ്ര നിമിഷങ്ങളുടെയും മഴനിഴലിന്റെയും സന്ധ്യാദീപത്തിന്റെയും കാഴ്ചകളുള്ള പാട്ട്. മീരാ ജാസ്മിനും മൈഥിലിയും പാട്ടിൽ സുന്ദരികളായിരിക്കുന്നു.

വി.െക പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥയെഴുതിയതും മോഹൻ കുമാറാണ്. ശാന്തി സുന്ദര രാജനാണു നിർമ്മാണം.