മീരയുടെ പുതിയ ചുവട്; പത്തു കല്പനകളിൽ കലക്കും

അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവിൽ ഗായികയുടെ റോളിലും മീര ജാസ്മിൻ. ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന പത്ത് കൽപ്പനകൾ എന്ന ചിത്രത്തിലൂടെ തിരിച്ചു വരുന്ന മീര ഗായികയുടെ റോളും ഭംഗിയായി നിർവഹിച്ചു. പ്രമോഷൻ പാട്ട് കൂടിയാണിത്. എമിറേറ്റ്സിലെ യാസ് ഐലന്റിലാണ് ഗാനത്തിന്റെ ചിത്രീകരണം നടന്നിരിക്കുന്നത്. മീര തന്നെ പാടി അഭിനയിക്കുന്ന ഈ സീൻ‌ ചിത്രത്തിലും എത്തുന്നുണ്ട്.തമിഴിലെ പ്രമുഖ റാപ്പ് സിങറും മീരക്കൊപ്പം പാടുന്നുണ്ട്. 

റോയി പുറമടത്തിന്റെ വരികൾക്കു മിഥുൻ ഈശ്വറാണ് സംഗീതം നിർ‌വഹിച്ചിരിക്കുന്നത്. ആദ്യമായി സിനിമയിൽ പാടുന്നതിന്റെ അമ്പരപ്പില്ലാതെയാണ് മീര പാടുന്നതിനായി എത്തിയതെന്നു സംവിധായകൻ ഡോൺ മാക്സ് പറഞ്ഞു.ചിത്രത്തിൽ കുറ്റാന്വേഷണ ഉദ്യോഗസ്ഥയുടെ ശക്തമായ വേഷമാണ് മീര അവതരിപ്പിക്കുന്നത്.പാട്ട് ഉടൻ പുറത്തിറങ്ങും.മീരക്കു പുറമെ എസ്.ജാനകി,ഗാനഗന്ധർവൻ യേശുദാസ്,ശ്രേയ ഘോഷാൽ എന്നിവരും ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.