ലുക്കും പാട്ടും സൂപ്പർ; വൈറലായി മീരയുടെ പാട്ട്

അഭിനയരംഗത്തേക്കു ഒരു പാട്ടും പാടി തിരിച്ചെത്തിയ മീരാ ജാസ്മിന്റെ പാട്ട് വൈറലാകുന്നു. പതിഞ്ഞ സ്വരത്തിൽ മീര പാടിയ ഗാനം രണ്ടു ദിവസത്തിനുള്ളിൽ 30000ഓളം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്. ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന പത്തു കൽപ്പനകൾ എന്ന ചിത്രത്തിലെ ഗാനമാണിത്. നവ സിനിമാ ശൈലിയിൽ ചിത്രീകരിച്ച പാട്ടിന്റെ ദൃശ്യങ്ങളും ശ്രദ്ധേയമാണ്.

റാപ് ഗായകൻ എംസി റൂഡിനും മിഥുൻ ഈ‌ശ്വറിനുമൊപ്പമാണ് മീര പാടിയിരിക്കുന്നത്. ചടുലവും മെലോഡിയസുമായ ഈണത്തിലുള്ള പാട്ടിനു മീരയുടെ സ്വരം നന്നായി ചേരുന്നുയ സഹീർ അബ്ബാസു ചിട്ടപ്പെടുത്തിയ നൃത്തച്ചുവടുകളും ഗംഭീരം. കണ്ണടയും കറുപ്പു വസ്ത്രവുമണിഞ്ഞ മീര ലുക്കിൽ മീര ബോൾ‌ഡ് ആന്‍ഡ് ബ്യൂട്ടിഫുൾ ആണ്. റോയി പുറമിടം രചിച്ച വരികൾക്കു മിഥുൻ ഈശ്വറിന്റേതാണു സംഗീതം. എമിറേറ്റ്സിലെ യാസ് ഐന്റിൽ ചിത്രീകരിച്ച പാട്ടിന്റെ ദൃശ്യങ്ങളും വ്യത്യസ്തം. 

ഷട്ടര്‍ ബഗ്സ് ബാനറിന്റെ കീഴില്‍ ജിജി അഞ്ചാനി, മനു പത്മനാഭന്‍, ബിജു തോരനാല്‍,ജേക്കബ് കോയിപ്പറം, തമ്പി ആന്‍റണി, മെസ് വിന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അടുത്ത മാസം അവസാനം തീയറ്ററുകളിലെത്തും.