അച്ഛനെ കൊലപ്പെടുത്തിയത്: വിവാദ വെളിപ്പെടുത്തലുകളുമായി മൈക്കിൾ ജാക്സണിന്റെ മകള്‍‌

ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും മൈക്കിൾ ജാക്സൺ ദുരൂഹതകൾ ബാക്കിയാക്കി. 2009ൽ അകാലത്തിൽ മരണത്തോടൊപ്പം നടന്ന സംഗീത ചക്രവർത്തിയുെട ജീവിതം ഇന്നും ചര്‍ച്ചകളിലുണ്ട്. മകൾ പാരിസ് ജാക്സണിന്റേതാണ് ഇപ്പോഴത്തെ വിവാദ വെളിപ്പെടുത്തൽ. തന്റെ പിതാവ് കൊലചെയ്യപ്പെട്ടതാണെന്നാണ് വിശ്വസിക്കുന്നതെന്നാണ് മോഡല്‍ കൂടിയായ മകൾ വ്യക്തമാക്കിയത്. റോളിങ് സ്റ്റോൺ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പാരിസ് ഇക്കാര്യം പറഞ്ഞത്. 

ഡോക്ടറായിരുന്ന കോൺറാഡ് മറേ അധികമരുന്നുകളാണ് പിതാവിന് നൽകിയിരുന്നത് എന്നറിയാം. പക്ഷേ കൊലപാതകം മറ്റാരൊക്കെയോ ആസൂത്രണം ചെയ്ത് വിദഗ്ധമായി നടപ്പിലാക്കിയതാണ്. അതിനു പിന്നിൽ വലിയ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്. കുടുംബത്തിലുള്ളവർക്കും അദ്ദേഹത്തിന്റെ അടുത്ത ഫാൻസിനും ഇക്കാര്യം അറിയാം. പാരിസ് പറഞ്ഞു.

മൈക്കിൾ ജാക്സണിന്റേതു പോലെ കൗമരത്തിൽ തന്നെ ഏറെ ദുഷ്കരമായ കാര്യമാണ് പാരിസിനും സംഭവിച്ചത്. അതും അവർ തുറന്നു പറഞ്ഞു. 14 വയസുള്ളപ്പോൾ ഒരു വൃദ്ധന്‍ ലൈംഗികമായി ഉപയോഗിച്ചു. അത് തന്നിലുണ്ടാക്കിയത് വിഷാദ രോഗമായിരുന്നു. ഏറെ നാളത്തെ ചികിത്സകൾക്കു ശേഷമാണ് അതിൽ നിന്ന് മുക്തയായത്. ഇപ്പോൾ താൻ തീർത്തും വ്യത്യസ്തയായ വ്യക്തിയാണ്. തന്നെ പോലെ തന്നെ പിതാവും കടുത്ത വിഷാദ രോഗിയായിരുന്നു. ഒരേ തരത്തിലുള്ള മരുന്നുകളാണ് ഞങ്ങൾ ഇരുവരും ഉപയോഗിച്ചിരുന്നത്. പാരിസ് വ്യക്തമാക്കി.

ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായിരുന്നു അത്. നാലു പ്രാവശ്യം ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. അവസാനത്തെ ശ്രമവും പരാജയപ്പെട്ടപ്പോഴാണ് ഉത്തയിലെ മെഡിക്കൽ സെന്ററിൽ ചികിത്സ തേടിയത്. അതാണ് ജീവിതത്തിലെ ഏറ്റവും വഴിത്തിരിവായ കാര്യം. ജീവിതം ഏറ്റവും ആസ്വാദ്യകരമായി കൊണ്ടുപോകുക മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. മറ്റൊന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മോഡൽ കൂടിയായ പാരിസ് പറഞ്ഞു.

ജാക്സൺ തന്റെ യ‌ഥാർഥ പിതാവാണോ എന്ന സ്ഥിരം ചോദ്യത്തെ പാരിസ് തള്ളിക്കളഞ്ഞു. അദ്ദേഹം എന്റെ പിതാവായിരുന്നു. എന്നും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തിനു ഞാൻ എന്നും മകളുമായിരിക്കും. ഇങ്ങനെയല്ലാതാകാൻ ഞങ്ങള്‍ക്കു രണ്ടു പേർക്കും സാധിക്കില്ല. ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ട് അതിനപ്പുറമുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും പാരിസ് പറഞ്ഞു. 

ജാക്സൺ ബീറ്റ് ഇറ്റ് എന്ന പാട്ട് റെക്കോഡ് ചെയ്ത സ്റ്റുഡിയോയിലാണ് പതിനെട്ടുകാരിയായ പാരിസ് താമസിക്കുന്നത്.