മൈക്കിൾ ജാക്‌സന്റെ ജന്മദിനം

ആരാധക ഹൃദയങ്ങളിൽ സംഗീതത്തിന്റെ ദ്രുതതാളവും നൃത്തത്തിന്റെ വശ്യതയും ബാക്കിയാക്കി കടന്നുപോയ പോപ്പ് സംഗീതത്തിന്റെ രാജാവ് മൈക്കിൾ ജാക്‌സണിന്റെ 57 ാം ജന്മദിനം ഇന്ന്. 1958 ൽ അമേരിക്കയിലെ ഇന്ത്യാനയിൽ ജോസഫ് വാൾട്ടർ ജോ ജാക്‌സണിന്റെയും കാതറീൻ എസ്തറിന്റെയും എട്ടാമത്തെ പുത്രനായാണ് മൈക്കിളിന്റെ ജനനം. കുട്ടിക്കാലത്ത്് സ്വന്തം അച്ഛനിൽ നിന്ന് ഏൽക്കേണ്ടി വന്ന മാനസിക ശാരീരിക പീഡനത്തെ അതിജീവിച്ചാണ് ലോകപ്രശസ്ത സംഗീതജ്ഞനായി മൈക്കിൾ വളർന്നത്.

1965 ൽ ഏഴാം വയസിൽ അച്ഛൻ തുടങ്ങിയ ജാക്‌സൺ 5 എന്ന സംഗീത ബാൻഡിൽ അംഗമായിക്കൊണ്ടായിരുന്നു മൈക്കിൾ തന്റെ സംഗീത ജീവിതത്തിന് തുടക്കം കുറിച്ചത്. അമേരിക്കയിൽ നിരവധി പര്യടനങ്ങളാണ് ജാക്‌സൺ5 എന്ന ബാൻഡ് നടത്തിയിട്ടുള്ളത്. 1970 കൾ മുതലാണ് സ്വതന്ത്ര ഗായകനായി ജാക്‌സൺ അറിയപ്പെട്ടു തുടങ്ങുന്നത്. 1970കളുടെ അവസാനത്തോടെ ജാക്‌സൺ പോപ്പ് സംഗീത രംഗത്തെ പ്രധാനിയായി മാറി. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളാണ് ജാക്‌സൺ സംഗീത ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. എംടിവിയുടെ തുടക്കകാലത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ജാക്‌സൺ. എംടിയിലൂടെ പുറത്തിറക്കിയ ബീറ്റ് ഇറ്റ്, ബില്ലി ജീൻ എന്നീ ഗാനങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്തി അത്യുന്നതങ്ങളിലെത്തിച്ചു. പാട്ട് മാത്രമല്ല മൈക്കിൾ ജാക്‌സനെ അതിപ്രശസ്തനാക്കിയത്, അദ്ദേഹത്തിന്റെ നൃത്തം കൂടിയാണ്. ഏറെ പ്രയാസമുള്ള നൃത്ത ചുടവുകൾ അദ്ദേഹം അനായാസമായി അവതരിപ്പിച്ചു. റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ഇദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

1982 ൽ പുറത്തിറങ്ങിയ ത്രില്ലർ എന്ന ആൽബം ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്. റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക് രണ്ടു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണ് മൈക്കിൾ ജാക്‌സൺ. പോപ്പിന്റെയും റോക്ക് ആൻഡ് റോളിന്റേയും ലോകത്തുനിന്ന് ഡാൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരേ ഒരു വ്യക്തിയും മൈക്കിൾ ജാക്‌സൺ തന്നെ. എട്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ, 13 ഗ്രാമി പുരസ്‌കാരങ്ങൾ, 26 അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങൾ, 86 ബിൽബോർഡ് പുരസ്‌കാരങ്ങൾ. 38 വേൾഡ് മ്യൂസിക്ക് പുരസ്‌കാരങ്ങൾ എന്നിവ മൈക്കിൾ ജാക്‌സൺ എന്ന അതുല്യ പ്രതിഭയെ തേടി എത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും അധികം പാട്ടുകൾ വിറ്റിട്ടുള്ള പോപ് സംഗീതജ്ഞരിൽ ഒരാളാണ് ജാക്‌സൺ, കൂടാതെ പോപ്പ് സംഗീത ചരിത്രത്തിൽ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിട്ടുള്ള സംഗീതജ്ഞനും.

2009 ജൂൺ 25ന് തന്റെ അമ്പതാം വയസിൽ ദിസ് ഈസ് ഇറ്റ് എന്ന ആൽബത്തിന്റെ പണിപ്പുരയിലായിരുന്ന സമയത്താണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിക്കുന്നത്. മരണ ശേഷവും അദ്ദേഹത്തോടുള്ള ആരാധന ജനങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ട് എന്നതിന്റെ നേർസാക്ഷ്യങ്ങളാണ് 2010 ൽ ജാക്‌സൺ എസ്‌റ്റേറ്റ് പുറത്തിറങ്ങിയ മൈക്കിൾ എന്ന ആൽബത്തിന്റേയും 2014 ൽ പുറത്തിറക്കിയ എസ്‌കേപ്പ് എന്ന ആൽബത്തിന്റേയും വിജയം. നിരവധി വിവാദങ്ങൾ ജീവിതത്തിൽ ഉടനീളം പിൻതുടർന്നിട്ടുണ്ടെങ്കിലും ഇവയൊന്നും മൈക്കിളിന്റെ പ്രതിഭയ്‌ക്കൊട്ടും മങ്ങലേൽപ്പിച്ചിട്ടില്ല എന്നത് മൺമറഞ്ഞ് ആറ് വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തോടുള്ള ജനകോടികളുടെ ആരാധന സാക്ഷ്യപ്പെടുത്തുന്നു. മരിച്ചാലും മറക്കാൻ കഴിയാത്ത ഒരുപിടി ഗാനങ്ങൾ പോപ്പ് ലോകത്തിന് സമ്മാനിച്ച ആ അനശ്വര പ്രതിഭ മൺമറഞ്ഞത് പോപ്പ് ലോകത്തിന്റെ തീരാ നഷ്ടമാണ്. ഇനിയും ആ സംഗീത വിസ്മയം അസ്തമിക്കാതിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന സംഗീത പ്രേമികൾ ധാരാളം.