രക്തക്കറയും മയക്കുമരുന്നും: നിഗൂഢതകളുമായി ജാക്സന്റെ മുറി

നിഗൂഢതകളുടെ വലിയൊരു കലവറയായിരുന്നു മൈക്കൽ ജാക്സന്റെ ജീവിതം. അതിനു സാക്ഷ്യംപറയുന്ന ഒരുപാടു കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒടുവിൽ പുറത്തുവന്നത് മൈക്കൽ ജാക്സന്റെ കിടപ്പുമുറിയുടെ ദൃശ്യങ്ങളാണ്. രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഓക്സിജന്‍ സിലിണ്ടറും മയക്കുമരുന്നു പായ്ക്കറ്റുകളും നിറഞ്ഞതാണ് മുറി. മാർലാങ്ഹോണും മാറ്റ് റിച്ചാർഡും ചേർന്നു രചിച്ച ദ് കിങ് ഓഫ് പോപ്സ് ലാസ്റ്റ് മൊമെന്റ് എന്ന പുസ്തകത്തിലാണ് അപൂർവ ചിത്രങ്ങളുള്ളത്. താരത്തിന്റെ മരണത്തിനു മുൻപുള്ള മണിക്കൂറുകളെക്കുറിച്ചാണ് ഈ പുസ്തകം. 

ജാക്സന് ശ്വസന സംബന്ധമായ അസുഖമുണ്ടായിരുന്നെന്നും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നെന്നുമുള്ള വിവരങ്ങൾ നേരത്തേതന്നെ പുറത്തുവന്നിരുന്നു. അതിനുള്ള വ്യക്തമായ തെളിവാകുന്നുണ്ട് ഈ ചിത്രങ്ങൾ. എന്നാൽ ഷർട്ടിലെ രക്തക്കറയെക്കുറിച്ച് പൊലീസിന് വ്യക്തമായ ഉത്തരം നൽകുവാൻ കഴിഞ്ഞില്ലെന്നും പുസ്തകത്തിലുണ്ട്്. കുട്ടികളുടെ ചിത്രങ്ങളാണ് മുറിക്കുള്ളിൽ നിറയെ കാണുന്ന മറ്റൊരു കാര്യം.

2009 ജൂൺ 25നാണ് ലൊസാഞ്ചൽസിലെ ഈ വസതിയിൽ ജാക്സൻ ബോധരഹിതനായി കാണപ്പെട്ടതും പിന്നീട് മരിച്ചുവെന്ന വാർത്ത ലോകമറിയുന്നതും. വിചിത്രമായ സ്വഭാവരീതികളായിരുന്നു ജാക്സന്. തന്റെ മുറിക്കുള്ളിലേക്ക് വീട്ടിലെ ജോലിക്കാരെ ഒരിക്കലും പ്രവേശിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മുറിക്കുള്ളിൽ എപ്പോഴും അസഹ്യമായ ഗന്ധമായിരുന്നുവെന്നും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.